കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം കംമ്പോഡിയയിലേക്ക് യുവാവിനെ കടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം നിലമ്പുർ സ്വദേശി സഫ്നയെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
തായ്‌ലൻഡിലേക്കെന്ന് പറഞ്ഞ് യുവാക്കളെ റിക്രൂട്ട് ചെയ്തശേഷം കംമ്പോഡിയയിലേക്ക് കടത്തുന്നതാണ് സഫ്നയുടെ രീതി. ഇത്തരത്തിൽ തഴവ സ്വദേശി കനീഷിനെ തായ്‌ലൻഡിലെ ഒരു കമ്പനിയിലേക്ക് ജോലി വാഗ്ദാനം നല്‍കിയ ശേഷം സഫ്ന കംബോഡിയയിലേക്ക് കടത്തി. ഓൺലൈനിൽ അഭിമുഖം നടത്തുകയാണ് സഫ്ന ആദ്യം ചെയ്തത്. ശേഷം 1,20,000 രൂപ വാങ്ങുകയും ചെയ്തു. പിന്നീട് യുവാവിനെ തായ്‌ലൻഡിൽ എത്തിച്ച ശേഷം ഏജന്റുമാർ വഴി കംബോഡിയയിലേക്ക് കടത്തുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ഒരു കേന്ദ്രത്തിലാണ് യുവാവിനെ എത്തിച്ചത്. ശേഷം വലിയ ടാർഗറ്റ് നൽകുകയും, കഠിനമായ ജോലി ചെയ്യിക്കുകയും ചെയ്തു. ടാർഗറ്റ് പൂർത്തിയാകാത്തതിനാൽ യുവാവിനെ മാനസികവും ശാരീരികവുമായും പീഡിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ശേഷം യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ്, യുവാവിന്റെ മാതാപിതാക്കളുടെ പക്കൽ നിന്ന് ഒന്നര ലക്ഷം കൂടി വാങ്ങി. എന്നിട്ടും യുവാവ് നാട്ടിലെത്താതിരുന്നതോടെയാണ് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി നൽകിയത്.
ഓച്ചിറ പൊലീസിന് ലഭിച്ച പരാതിയെത്തുടർന്നാണ് സഫ്നയെ അറസ്റ്റ് ചെയ്തത്. ഇവർ നടത്തിയ മറ്റ് പല തട്ടിപ്പുകളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Women arrested for smuggling youth to cambodia