വയോധികയുടെ മരണവിവരമറിഞ്ഞ് കാട്ടാനയെ വരെ മറികടന്ന് ഇന്‍ക്വസ്റ്റിനെത്തി പൊലീസ്; കണ്ടത് ജീവന്റെ തുടിപ്പ്

വീട്ടിലെത്തി ഇന്‍ക്വസ്റ്റിന് തയ്യാറെടുക്കുന്നതിനിടെ നബീസയ്ക്ക് ജീവനുള്ളതായി എസ്‌ഐ അജേഷിന് സംശയം തോന്നുകയായിരുന്നു

dot image

മുണ്ടക്കയം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ മരിച്ചെന്നറിഞ്ഞ് ഇന്‍ക്വസ്റ്റിന് എത്തിയ പൊലീസ് സംഘം കണ്ടത് ജീവന്റെ തുടിപ്പ്. പൊലീസിന്റെ അവസരോചിതമായ ഇടപെടലില്‍ വയോധികയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. കോട്ടയം മുണ്ടക്കയത്താണ് സംഭവം. തെക്കേമല കാനമ്മല പുതുപ്പമ്പില്‍ വീട്ടില്‍ നബീസ(70)യ്ക്കാണ് പൊലീസിന്റെ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്.

ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു നബീസ. രണ്ട് ദിവസമായി നബീസയെ വീടിന് പുറത്തുകാണാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അയല്‍വാസികള്‍ അന്വേഷിച്ചെത്തി. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്ത് കയറി നോക്കിയപ്പോള്‍ കട്ടിലിന് താഴെ ചലനമറ്റ നിലയില്‍ കിടക്കുകയായിരുന്നു നബീസ. ഉടന്‍ തന്നെ അയല്‍വാസികള്‍ വിവരം പെരുവന്താനം പൊലീസിനെ അറിയിച്ചു.

എസ്എച്ച്ഒ ത്രിദീപ് ചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്‌ഐ കെ ആര്‍ അജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി ഒന്‍പതോടെ കാനമ്മലയിലേക്ക് പുറപ്പെട്ടു. സ്റ്റേഷനില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള നബീസയുടെ വീട്ടിലേക്കുള്ള പൊലീസിന്റെ യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു. വഴിയില്‍ കാട്ടാന തടസ്സം സൃഷ്ടിച്ചതോടെ പൊലീസ് വനപാലകരെ വിവരം അറിയിച്ചു. വനപാലകര്‍ എത്തിയതോടെ ആന ഉള്‍വലിഞ്ഞു.

വീട്ടിലെത്തി ഇന്‍ക്വസ്റ്റിന് തയ്യാറെടുക്കുന്നതിനിടെ നബീസയ്ക്ക് ജീവനുള്ളതായി എസ്‌ഐ അജേഷിന് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് സംഘം നബീസയെ എടുത്ത് പുതപ്പില്‍ പൊതിഞ്ഞ് ജീപ്പില്‍ കയറ്റുകയും ഒട്ടും വൈകാതെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് നബീസ.

Content Highlights- Police help woman to admit hospital after she collapsed inside home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us