പുലാമന്തോൾ: മക്കളുടെ ചികിത്സ കഴിഞ്ഞതിനെ തുടർന്ന് ഈശ്വർ മാൽപേയും കുടുംബവും മടങ്ങി. 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതിയിൽ പുരോഗതി പ്രാപിച്ച് ഈശ്വർ മാൽപേയുടെ മക്കളായ കാർത്തിക്കും ഭ്രാഹ്മിയും.
അഷ്ടവൈദ്യൻ ശങ്കരൻ മൂസിന്റെ എസ്.ആർ.ഡി. ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും.
കുട്ടികൾ ഇരുവരും സെറിബ്രൽ പാൾസി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ സ്ഥിതി മോശമായ അവസ്ഥയിലായിരുന്നു. 23-കാരൻ കാർത്തിക്കിനേയും ഏഴുവയസ്സുകാരി ഭ്രാഹ്മിയേയും ഡോ. ആര്യൻ മൂസ്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ശ്രീരാമൻ, രോഷ്‌നി, ജയശങ്കരൻ എന്നിവരടങ്ങിയ സംഘമാണ് ചികിത്സിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും അവയെല്ലാം ചികിത്സക്ക് ശേഷം രണ്ടുപേരിലും കുറഞ്ഞു. കാര്യമായ പുരോഗതിയാണ് നിലവിൽ ഇരുവരിലും കാണാൻ സാധിക്കുന്നത്. കാർത്തിക് വശങ്ങളിലേക്ക് തിരിയാനും വിളി കേൾക്കുമ്പോൾ പ്രതികരിക്കാനും ചക്രക്കസേരയിൽ ഇരിക്കാനും തുടങ്ങി. ഭ്രാഹ്മി വാക്കറിൽ ഒരാളുടെ ചെറിയ സഹായമുണ്ടങ്കിൽ മുന്നോട്ടു നീങ്ങാനും തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇരുവരും ആളുകളെ തിരിച്ചറിയാനും ശാന്തമായി പ്രതികരിക്കാനും ആരംഭിച്ചു. അടുത്ത ആറുമാസത്തേക്കുള്ള മരുന്നുകൾ ആശുപത്രിയിൽനിന്ന് നൽകിയിട്ടുണ്ട്.
സെറിബ്രൽ പാൾസി ബാധിച്ച് രണ്ടുവർഷം മുൻപാണ് മാൽപേയുടെ 23 വയസ്സുള്ള മറ്റൊരു മകൻ മരണപ്പെട്ടിരുന്നത്. രോഗവുമായി ബന്ധപ്പെട്ട വലിയ പ്രതിസന്ധിയോടെയാണ് രണ്ടു മക്കളെയുംകൊണ്ട് ഈശ്വർ മാൽപെയും ഭാര്യയായ ഗീതയും കർണാടകയിൽനിന്ന് പുലാമന്തോളിലെത്തുന്നത്. പുലാമന്തോൾ അഷ്ടവൈദ്യ കുടുംബത്തിന്റെ 'തണൽ' പദ്ധതിയിലുൾപ്പെടുത്തിയാണ് ഈശ്വർ മാൽപേയുടെ കുട്ടികളുടെ ചികിത്സ നടത്തുന്നത്.
Content Highlights- Children's treatment over, Ishwar Malpe and his family returned