പാലക്കാട്: പതിനാലുകാരിക്ക് മയക്കുമരുന്ന് വാഗ്‌ദാനംചെയ്തയാൾ അറസ്റ്റിൽ. പട്ടാമ്പിയിലാണ് സംഭവം. സംഭവത്തിൽ പെരുമുടിയൂർ തെക്കേപ്പുറം കുറുപ്പൻമാരിൽ അനൂപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉൾപ്പെടെയുളള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുളളത്.
കഴിഞ്ഞദിവസം പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ ബൈപ്പാസ് റോഡിൽവെച്ചാണ് വിദ്യാർഥിനിയോട് ബൈക്കിൽ വന്ന പ്രതികൾ കഞ്ചാവും എംഡിഎംഎ യും വേണോ എന്ന് ചോദിച്ചത്. വിദ്യാർഥിനിയുടെ ഇൻസ്റ്റഗ്രാം ഐ ഡി വാങ്ങിയ പ്രതികൾ പിന്നീട് ഇതുവഴിയും മയക്കുമരുന്ന് വേണോ എന്നുചോദിച്ചു. തുടർന്ന്, വിദ്യാർഥിനിയുടെ അച്ഛൻ പരാതി നൽകുകയായിരുന്നു.
പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. അറസ്റ്റിലായ അനൂപിനെതിരെ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മുൻകേസുകളിലെ ജാമ്യം റദ്ദുചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പട്ടാമ്പി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ പദ്‌മരാജൻ, എസ് ഐ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Content Highlights: A Man Offer Drugs to a Fourteen Year Old Girl Accused Arrested in Palakkad