
ഷൊര്‍ണൂര്‍: പൊലീസാണെന്ന വ്യാജേനെയെത്തി യുവാവിൻ്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഗണേശ്ഗിരി കോഴിപ്പള്ളി വീട്ടില്‍ അബ്ദുള്‍ സലീം (48) ചെറുതുരുത്തി വട്ടപ്പറമ്പില്‍ മുഹമ്മദ് ഷാഹുല്‍ ഹമീദ് (25) ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം ചീനിക്കപ്പള്ളിയാലില്‍ രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 19-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുളപ്പുള്ളി ഗവണ്‍മെൻ്റ് പ്രസ്സിന് സമീപം ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്ന കുളപ്പുള്ളി തോണിക്കടവില്‍ അനസ് മോൻ്റെ അടുത്തെത്തിയ സംഘം 9,630 രൂപയും മൊബൈലും കവരുകയായിരുന്നു. പൊലീസാണെന്ന വ്യാജേനെയെത്തിയാണ് ഇവര്‍ അനസ് മോനെ ദേഹപരിശോധന നടത്തി പണവും ഫോണും കവര്‍ന്നത്.
അബ്ദുല്‍ സലീമിനെ ഷൊര്‍ണൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും മുഹമ്മദ് ഷാഹുല്‍ ഹമീദിനെ ആലുവയിലെ ഒളിസങ്കേതത്തില്‍ നിന്നും രാജീവിനെ കുളപ്പുള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കണ്ടെത്തി. രാജീവ് മുമ്പും സമാന കേസുകളില്‍ ഉള്‍പെട്ട് കാപ്പാ നടപടി നേരിട്ട ഗുണ്ടായാണെന്ന് പൊലീസ് പറഞ്ഞു.ഷാഹുല്‍ ഹമീദ് ചെറുതുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളയാളാണ്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതി റിമാന്‍ഡ് ചെയ്തു.
Content Highlight : Came pretending to be the police and robbed the youth of his money and phone; Three people were arrested