തെരുവുനായ്ക്കള്‍ കുരച്ചപ്പോള്‍ ആന വിരണ്ട് ഓടി; ആനയുടെ മുകളില്‍ പാപ്പാന്‍ കുടുങ്ങിയത് 10 മണിക്കൂര്‍

തെരുവുനായ്ക്കള്‍ കുരച്ച് പിന്നാലെ കൂടിയതോടെയാണ് ആന പരിഭ്രാന്തിയിലായത്

dot image

പന്തളം: പത്തനംതിട്ട കൂരമ്പാലയില്‍ ഇടഞ്ഞ ആനയുടെ മുകളില്‍ കുടുങ്ങിയ പാപ്പാനെ 10 മണിക്കൂറിന് ശേഷം താഴെയിറക്കി. ഇന്നലെ രാവിലെ 11.30-ഓടെ ഹരിപ്പാട് അപ്പു എന്ന ആനയാണ് ഇടഞ്ഞത്. കുളനടയില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് തെരുവുനായ്ക്കള്‍ കുരച്ചപ്പോള്‍ പേടിച്ച് വിരണ്ട് ഓടിയത്. ഇതോടെ പാപ്പാന്‍ ആനയുടെ മുകളില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ മയക്കുവെടിവെച്ചാണ് പാപ്പാനെ താഴെയിറക്കിയത്.ചേര്‍ത്തല മായിത്തറ സ്വദേശി കുഞ്ഞുമോനാണ് ആനപ്പുറത്ത് കുടുങ്ങിയത്.

തെരുവുനായ്ക്കള്‍ കുരച്ച് പിന്നാലെ കൂടിയതോടെയാണ് ആന പരിഭ്രാന്തിയിലായത്. വിരണ്ടോടിയ ആന പരിസരത്തുള്ള രവീന്ദ്രന്‍ എന്നയാളുടെ പറമ്പിലേക്കാണ് ഓടിക്കയറിയത്. ആദ്യ ഘട്ടത്തില്‍ പറമ്പിലെ ഏതാനും റബ്ബര്‍ മരങ്ങള്‍ കുത്തിമറിക്കുകയും പിന്നീട് തൊട്ടടുത്ത പുരയിടത്തില്‍ നിലയുറപ്പിക്കുകയും ആയിരുന്നു.

രണ്ടും മൂന്നും പാപ്പാന്മാര്‍ ചേര്‍ന്ന് വൈകിട്ട് അഞ്ചരയോടെ ആനയെ തളച്ചു. മരത്തില്‍ ബന്ധിച്ച ശേഷവും ആന അസ്വസ്ഥതകള്‍ കാണിക്കുന്നത് തുടര്‍ന്നതോടെ ഒന്നാം പാപ്പാനായ കുഞ്ഞുമോന് താഴെയിറങ്ങാന്‍ കഴിഞ്ഞില്ല.

വൈകുന്നേരത്തോടെ സ്ഥലത്ത് ശക്തമായ കാറ്റും മഴയും തുടങ്ങി. സ്ഥലത്ത് വൈദ്യുതിബന്ധം കൂടി വിച്ഛേദിക്കപ്പെട്ടതോടെ മയക്കുവെടി വെക്കാനും കാലതാമസം നേരിട്ടു. ഒടുവില്‍ രാത്രി 9.45-ഓടെയാണ് ആനയെ മയക്കുവെടി വെക്കാനായത്. വനംവകുപ്പിന്റെ സാന്നിധ്യത്തിലാണ് ആനയെ മയക്കുവെടി വെച്ചത്. ശേഷം 15 മിനിറ്റോളം കാത്തിരുന്നു. ആന മയങ്ങിത്തുടങ്ങിയ ശേഷമാണ് കുഞ്ഞുമോന് താഴെയിറങ്ങാനായത്. ഇയാളെ ഉടന്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: The elephant ran wild; Papan was stuck on top of the elephant for 10 hours

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us