തിരുവനന്തപുരം: നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ സംഘം പിടിയിൽ. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാൻ, കൊല്ലം കുന്നത്തൂർ സ്വദേശി ചന്ദ്രബാബു, കൊല്ലം ആയൂർ സ്വദേശി ഗീവർഗീസ് എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിലെ ഒരു ജ്വല്ലറി ഉടമയായ ശ്യാം എന്നയാളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി എടുത്തിരിക്കുന്നത്.
പ്രതികളിലൊരാളായ മുഹമ്മദ് ഷാൻ കള്ളനോട്ട്, കുഴൽപ്പണം, പിടിച്ചുപറി, വധശ്രമം, തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് പ്രതികളുമായി ബന്ധപ്പെട്ടത് എന്നാണ് പരാതിക്കാരന്റെ വാദം. പ്രതികളിലൊരാളായ ചന്ദ്രബാബുവുമായാണ് ശ്യാം ബന്ധപ്പെട്ടത്. ശ്യാമിൽ നിന്നും 80,000 രൂപയാണ് ചന്ദ്രബാബു വാങ്ങിയത്. കാർബൺ ഫിലിം മൂടിയ ഒരു പെട്ടി ഉപയോഗിച്ച് നോട്ടിരട്ടിപ്പ് സാധ്യമാണെന്ന് പ്രതികൾ ശ്യാമിനെ വിശ്വസിപ്പിക്കുകയായിരുന്നു. ശ്യാം പിന്നീട് 1,20,000 രൂപ കൂടി നൽകിയതായി പരാതിക്കാരൻ പറയുന്നു.
വിദേശ ഡോളറും ഇരട്ടിപ്പിച്ച് നൽകാമെന്ന് പ്രതികൾ പറഞ്ഞതിനെ തുടർന്ന് ശ്യാം തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് പണം ആവശ്യപ്പെട്ടു. സുഹൃത്താണ് ഈ വിവരം പൊലീസിൽ അറിയിക്കുന്നത് അതോടെ തട്ടിപ്പ് പുറത്തു വരികയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും കുറച്ച് രാസ വസ്തുക്കളും നോട്ടിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയ കട്ടിയുള്ള കറുത്ത പേപ്പറുകളും 70,000 രൂപയും നോട്ട് നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: The gang who extorted the money by saying that they would double the note was arrested