തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രവാസി കേരളീയരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും പരിഹാരങ്ങൾ ചര്‍ച്ച ചെയ്യുന്നതിനുമായി നോര്‍ക്ക റൂട്ട്സ് ചെന്നൈയില്‍ എന്‍ആര്‍കെ മീറ്റ് സംഘടിപ്പിച്ചു. പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭ്യമാക്കുന്ന സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മീറ്റ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോർക്ക റൂട്സ് നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ഇടപെടലുകളും സംബന്ധിച്ച് നോർക്ക റൂട്സ് സിഇഒ അജിത് കോളശേരി വിശദീകരിച്ചു. നോർക്കയുടെ ബജറ്റിന്റെ 60 ശതമാനവും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വേണ്ടിയുളളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവേശന പരീക്ഷകൾക്ക് ചെന്നൈയിൽ സെന്റർ അനുവദിക്കുക, ചെന്നെയിൽ കേരളഭവൻ ആരംഭിക്കുക, ഉത്സവ കാലങ്ങളിൽ ചെന്നൈയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാ പ്രശ്നത്തിനു പരിഹാരം, കെടിഡിസിയുടെ റെയ്ൻ ഡ്രോപ്‌സ് ഹോട്ടലിൽ മലയാളികൾക്ക് നൽകി വന്നിരുന്ന നിരക്കിളവ് പുനഃസ്ഥാപിക്കുക, നോർക്ക റൂട്സ് അസോസിയേഷൻ അംഗീകാരത്തിനുള്ള നിബന്ധനകൾ ലളിതമാക്കുക, തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ സംഘടന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നോർക്ക അധികൃതർ അറിയിച്ചു.
റെയ്ൻ ഡ്രോപ്‌സ് ഹോട്ടലിൽ ചേര്‍ന്ന മീറ്റില്‍ എൻആർകെ ഡെവലപ്മെന്റ് ഓഫീസർ അനു പി ചാക്കോ സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ് എ വി അനൂപ്, സിടിഎംഎ ജനറൽ സെക്രട്ടറി എംപി അൻവർ, മദ്രാസ് കേരള സമാജം പ്രസിഡന്റ് ശിവദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു. ചെന്നൈ, കോയമ്പത്തൂർ, ഈറോഡ്, മധുര തുടങ്ങിയിടങ്ങളിൽ നിന്നുള്ള നൂറ്റിമുപ്പതോളം സംഘടനാ പ്രതിനിധികൾ മീറ്റിൽ പങ്കെടുത്തു. ചെന്നൈയിലെ പ്രവാസി മലയാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്ന നിവേദനം സിടിഎംഎ ഭാരവാഹികളായ എംപി അൻവർ, ആർ രാധാകൃഷ്ണൻ, നന്ദകുമാർ തുടങ്ങിയർ ചേർന്ന് നോർക്ക അധികൃതർക്ക് കൈമാറി.
Content Highlight: Norka Roots conducted NRK meet in chennai for malayali expatriate