കല്‍പറ്റ: ഒന്നിച്ചൊരു ജീവിതം സ്വപ്‌നം കണ്ടതായിരുന്നു അവര്‍. വിവാഹവും കഴിച്ചു. എന്നാല്‍ ജീവിതം പൂവിടും മുന്‍പ് മേഘ്‌നയെ തനിച്ചാക്കി ജിതിന്‍ യാത്രയായി. ഒക്ടോബര്‍ ആദ്യവാരമായിരുന്നു വയനാട് മൂടക്കൊല്ലി സ്വദേശിയായ ജിതിനും മേഘ്‌നയും തമ്മിലുള്ള വിവാഹം. ഒക്ടോബര്‍ 31 ന് കര്‍ണാടകയില്‍വെച്ച് നടന്ന വാഹനാപകടത്തില്‍ ജിതിന്‍ മരണത്തിന് കീഴടങ്ങി.
വയനാട്ടിലെ ഒരു കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുമ്പോഴാണ് മേഘ്‌നയെ ജിതിന്‍ പരിചയപ്പെടുന്നത്. പിന്നീട് തുണിക്കടയില്‍ മേഘ്‌നയെ കാണാനെത്തുന്നത് ജിതിന്‍ പതിവാക്കി. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് ജിതിന്‍ അറിയിച്ചെങ്കിലും മേഘ്‌നയുടേത് അനുകൂല പ്രതികരണമായിരുന്നില്ല. ജീവിത സാഹചര്യങ്ങള്‍ മൂലം തുടര്‍പഠനം സാധ്യമാകാത്ത കാര്യം മേഘ്‌ന ജിതിനെ അറിയിച്ചു. ഇതോടെ മേഘ്‌നയെ കര്‍ണാടകയിലെ കോളേജില്‍ പഠിപ്പിക്കാന്‍ ജിതിന്‍ തീരുമാനിച്ചു. ജിതില്‍ ജീവിതത്തില്‍ താങ്ങാകുമെന്ന് തിരിച്ചറിഞ്ഞ മേഘ്‌ന ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചു. അങ്ങനെ ഒക്ടോബര്‍ ആദ്യവാരം ഇരുവരും വിവാഹിതരായി.
ഒക്ടോബര്‍ 31 ന് ജിതിനും സുഹൃത്തുക്കളും കര്‍ണാടകയില്‍ യാത്ര പോയിരുന്നു. തിരിച്ചുവരുന്നതിനിടെ ജിതിനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറി. ജിതിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കുപറ്റിയ മൂന്ന് പേരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു ജിതിന്റെ സംസ്‌കാര ചടങ്ങുകള്‍. വയനാട്ടിലെ സ്വകാര്യ ക്വാറിയിലെ ജീവനക്കാരനായിരുന്നു ജിതിന്‍. ബാബുവാണ് അച്ഛന്‍. അമ്മ ശ്യാമള. ശ്രുതി സഹോദരിയാണ്.
Content Highlights- wayanad native man died an accident in karnataka