കൽപ്പറ്റ: രാസലഹരികള്‍ വിറ്റഴിക്കുന്ന ഇടനിലക്കാരിലെ പ്രധാനിയായ മുന്‍ എൻജീനിയർ പൊലീസിന്റെ പിടിയിൽ. ആലപ്പുഴ സ്വദേശി ആര്‍ രവീഷ് കുമാറാണ് വയനാട് പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2024 ജൂലൈ മാസത്തിലാണ് കാസര്‍ഗോഡ് സ്വദേശിയായ കെ മുഹമ്മദ് സാബിര്‍ (31)നെ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ചേര്‍ന്ന് പിടി കൂടിയത്. അന്ന് 265.55 ഗ്രാം മെത്തഫിറ്റിനാണ് സാബിറിന്റെ കൈയിൽ നിന്നും കണ്ടെടുത്തത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് സാബിറിനു മെത്തഫിറ്റാമിന്‍ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് പൊലീസ് മനസ്സിലാക്കിയത്. കര്‍ണാടകയില്‍ വെച്ചാണ് മെത്തഫിറ്റാമിന്‍ കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് എംഡിഎംഎ കേസില്‍ മടിക്കേരി ജയിലില്‍ കഴിഞ്ഞ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ടാണ് വീണ്ടും ലഹരിക്കടത്തിലേക്കിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ രവീഷ് സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ലഹരിക്കടത്ത് ആരംഭിച്ചത്. വളരെ വേഗത്തില്‍ പണമുണ്ടാക്കുന്നതിനായാണ് ഇയാൾ ലഹരിക്കടത്ത് ആരംഭിച്ചത്. ഇയാൾ കര്‍ണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ലഹരിക്കടത്തിലേര്‍പ്പെട്ടിരുന്നു. ലഹരി സംഘങ്ങള്‍ക്കിടയില്‍ ഡ്രോപ്പെഷ് , ഒറ്റന്‍ എന്നീ പെരുകളില്‍ രവീഷ് അറിയപ്പെടാറുണ്ട്.
Content Highlights: Former engineer srrested by the police for selling chemical drugs