ആയിരം രൂപ കൂട്ടിക്കൊടുക്കാത്തതിന്റെ പേരില്‍ വീട്ടുജോലിക്കാരി ജോലി നിര്‍ത്തിപ്പോയ അനുഭവം പങ്കുവച്ച് ഡല്‍ഹിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മീനല്‍ ഗോയല്‍ എന്ന യുവതി പങ്കുവച്ച ലിങ്ക്ഡിന്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു. പ്രതിമാസം 2000 രൂപയ്ക്ക് ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി മീനലിനോട് 1000 രൂപ കൂട്ടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ മീനല്‍ അതിന് തയ്യാറായില്ല. മൂവായിരം രൂപ പ്രതിമാസം നല്‍കാന്‍ എപ്പോഴാണോ തയ്യാറാവുക അപ്പോള്‍ തന്നെ വിളിക്കൂ എന്നുപറഞ്ഞാണ് അവര്‍ പോയത്. വീട്ടുജോലിക്കാരിയുടെ അനുഭവത്തില്‍ നിന്ന് മൂന്ന് പ്രധാനപ്പെട്ട കോര്‍പറേറ്റ് പാഠങ്ങളാണ് താന്‍ മനസ്സിലാക്കിയതെന്ന് മീനല്‍ പറയുന്നു.
മീനല്‍ പങ്കുവച്ച പാഠങ്ങള്‍
1) ശമ്പളവര്‍ധനവ് ആവശ്യപ്പെടാന്‍ മടിക്കരുത്
'ഞാന്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാല്‍ എന്റെ ബോസ് എന്നെ നോക്കി പരിഹസിക്കും. എനിക്ക് ഭാഗ്യമുണ്ടെങ്കില്‍ എനിക്ക് ശമ്പള വര്‍ധനവ് ലഭിക്കും. ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്കുറപ്പാണ് എന്റെ ബോസ് നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്ന്.' മീനല്‍ എഴുതി തുടങ്ങുന്നത് ഇങ്ങനെയാണ്. എന്നാല്‍ പിന്നീട് അവര്‍ ഇതിനോട് മറ്റുചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു.' അങ്ങനെയല്ല! ഒരിക്കലും നിങ്ങളുടെ വ്യക്തിഗത വളര്‍ച്ച വിധിയുടെയോ, ദൈവത്തിന്റെയോ, മറ്റൊരു വ്യക്തിയുടെയോ കയ്യില്‍ ഏല്‍പ്പിക്കരുത്. നിങ്ങളുടെ വളര്‍ച്ചയുടെ ഉത്തരവാദിത്വം നിങ്ങളുടേതാണ്.'
2)നിങ്ങളുടെ പ്രയത്‌നങ്ങളെ വിലകുറച്ച് കാണരുത്
'വര്‍ഷാവസാനത്തിലെ അപ്രൈസലില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ സ്വയം വിലകുറച്ച് അവതരിപ്പിക്കുന്നത്? ചില കാര്യങ്ങളില്‍ നിങ്ങളത്ര പോരെന്ന് എന്തിനാണ് നിങ്ങള്‍ സഹപ്രവര്‍ത്തകരോട് പറയുന്നത്? ആളുകള്‍ എന്തുവിശ്വസിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതാണ് അവര്‍ വിശ്വസിക്കുക. അതുകൊണ്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുക.'
3)ചെറിയ കാര്യങ്ങളില്‍ തൃപ്തരാകരുത്
തന്റെ ആറുവര്‍ഷത്തെ കോര്‍പറേറ്റ് ജീവത്തിന്റെ അനുഭവത്തിലാണ് മീനല്‍ ഈ പോയിന്റ് വിശദീകരിക്കുന്നത്. അടുത്ത വര്‍ഷം പ്രമോട്ട് ചെയ്യാം, നിങ്ങള്‍ക്കായി ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാനാകുന്ന റോള്‍ ഇതാണ്, തുടങ്ങിയ വാഗ്ദാനങ്ങളില്‍ സമ്മതം മൂളരുത്. ചെറിയ കാര്യങ്ങളില്‍ തൃപ്തരാകരുത്. നിങ്ങളുടെ വളര്‍ച്ചയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. മീനല്‍ ലിങ്ക്ഡില്‍ പോസ്റ്റില്‍ പറയുന്നു.
മീനല്‍ കരിയര്‍ മെച്ചപ്പെടുത്താനുള്ള ഉപദേശമാണ് നല്‍കിയതെങ്കിലും അവരുടെ പോസ്റ്റ് വലിയ വിമര്‍ശങ്ങളാണ് ഏറ്റുവാങ്ങുന്നത്. വീട്ടുജോലിക്കാര്‍ നേരിടുന്ന ചൂഷണത്തെ പ്രകീര്‍ത്തിച്ചുവെന്നാണ് പലരും വിമര്‍ശനമായി ചൂണ്ടിക്കാട്ടുന്നത്. ജോലിയുടെ സ്വഭാവമനുസരിച്ച് ആളുകളെ രണ്ടുതട്ടില്‍ വച്ചതിനെയും ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നു. വൈറ്റ് കോളര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ശമ്പള വര്‍ധനവ് ചോദിക്കാന്‍ അര്‍ഹതയെന്നാണ് മീനലിന്റെ പോസ്റ്റ് വ്യംഗമായി സൂചിപ്പിക്കുന്നതെന്നും ചിലര്‍ കുറ്റപ്പെടുത്തി.
Content Highlights: Delhi CA denies Rs 1,000 raise to domestic help, turns incident into 'corporate lesson'