![search icon](https://www.reporterlive.com/assets/images/icons/search.png)
ക്വയറ്റ് റെസിഗ്നേഷന്‍, തൊഴിലിടത്തില്‍ നിന്ന് ഒന്നും പറയാതെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോകുന്ന നിശബ്ദ രാജിയാണ് അടുത്തകാലത്തായി സ്ഥാപനങ്ങള്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. ജെന്‍ സിക്കാരായ ഉദ്യോഗാര്‍ഥികളാണ് ഇത്തരത്തില്‍ യാതൊരു ധാര്‍മികതയുമില്ലാതെ ജോലി വിട്ടിരുന്നത്. എന്നാല്‍ 2025 പിറന്നതോടെ നിശബ്ദ രാജിയെ മറികടന്ന് പ്രതികാര രാജി ട്രെന്‍ഡ് ആയിരിക്കുകയാണ്.
എന്താണ് റിവഞ്ച് റെസിഗ്നേഷന്‍?
കരിയറില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് നേരത്തെ ഉദ്യോഗാര്‍ഥികള്‍ രാജി വച്ചിരുന്നതെങ്കില്‍ ഇന്ന് തൊഴിലിടത്തിലെ അസംതൃപ്തിയുടെ പേരിലാണ് പലരും രാജിവയ്ക്കുന്നത്. തൊഴിലാളിയോടുള്ള കമ്പനിയുടെ സമീപനത്തിലും കമ്പനിയോടുള്ള അസംതൃപ്തിയിലും മനംമടുത്തായിരിക്കും ഇവര്‍ ജോലി വിടുക. തങ്ങളുടെ അസംതൃപ്തി തൊഴിലുടമയെ അറിയിക്കാനുള്ള മാര്‍ഗം (അത് പ്രതിഷേധവും പ്രതികാരവും ആകാം) മാത്രമാണ് അവര്‍ക്ക് രാജി.
തൊഴിലിടത്തിലെ ടോക്‌സിക് അന്തരീക്ഷം, ഒട്ടും വഴക്കമില്ലാത്ത ഷെഡ്യൂളുകള്‍, പ്രാവര്‍ത്തികമാകാത്ത പ്രതീക്ഷകള്‍ തുടങ്ങി മടുപ്പിക്കുന്ന സാഹചര്യങ്ങളോടുള്ള ഉറക്കെയുള്ള പ്രതികരണമാണ് രാജിയിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്. ഈ പുത്തന്‍ ട്രെന്‍ഡും തുടങ്ങിവച്ചിരിക്കുന്നത് ജെന്‍ സിക്കാര്‍ തന്നെയാണ്. മാനസികാരോഗ്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നവരാണ് ജെന്‍ സിക്കാര്‍. ജീവിതവും ജോലിയും ബാലന്‍സ് ചെയ്തുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. മുന്‍തലമുറയെപ്പോലെ ജോലി നല്‍കുന്ന സുരക്ഷിതത്വത്തില്‍ മറ്റെല്ലാം സഹിച്ച് മുന്നോട്ടുപോകാന്‍ അവര്‍ തയ്യാറല്ല. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തൊഴിലിടം പരിഗണിക്കുന്നില്ലെന്ന് കാണുമ്പോള്‍ അതിനോട് അവര്‍ പ്രതികരിക്കുന്നത് ഇപ്രകാരമാണ്. ജെന്‍ സി മാത്രമാണ് പ്രതികാര രാജി ചെയ്യുന്നത് എന്നും കരുതരുത്. മറ്റു തലമുറയും പ്രതീക്ഷിച്ച അംഗീകാരം ലഭിക്കുന്നില്ല, വര്‍ഷങ്ങളുടെ അധ്വാനം കാണാതെ പോകുന്നു എന്ന ഘട്ടത്തില്‍ കമ്പനിയില്‍ നിന്ന് രാജി വച്ച് പുറത്തുകടക്കുന്നുണ്ട്. മിഡ് ലെവലിലുള്ള ജീവനക്കാരും ഈ രീതി പിന്തുടരാന്‍ തുടങ്ങിക്കഴിഞ്ഞു.
പ്രതികാര രാജിയില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്കും ചെറുതല്ല. പണ്ടുകാലത്ത് ജീവനക്കാരോടുള്ള തിരസ്‌കാരം ആരും അറിയാതെ പോയിരുന്നെങ്കില്‍ ഇത് സോഷ്യല്‍ മീഡിയ കാലമാണ്. തൊഴിലിടത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന അസമത്വങ്ങളും വെല്ലുവിളികളും മാനസിക പീഡനങ്ങളും ചൂഷണങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തുടരേണ്ടതില്ലെന്ന മുന്നറിയിപ്പ് അതെല്ലാവര്‍ക്കും നല്‍കുന്നു. അതിനാല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ വലിയ കമ്പനികളിലുള്‍പ്പെടെ കാത്തിരിക്കുന്നത് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കാണ്. നിലവിലുള്ള റോളുകളില്‍ തങ്ങള്‍ ട്രാപ്പിലായി പോയതായി വിശ്വസിക്കുന്ന 65 ശതമാനം തൊഴിലാളികള്‍ ഉള്ളതായാണ് വര്‍ക്ക് ലൈഫ് ട്രെന്‍ഡ് 2025 റിപ്പോര്‍ട്ട് പറയുന്നത്. അതുകൊണ്ട് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും കമ്പനികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നല്ലത്.
എന്തുകൊണ്ട് റിവഞ്ച് റെസിഗ്നേഷന്‍?
സന്തോഷത്തെ ഹനിക്കാന്‍ അതെത്ര വലിയ ശമ്പളം തരുന്ന ജോലിയായാലും തയ്യാറല്ല ഇന്നത്തെ ചെറുപ്പക്കാര്‍. നിലിവിലുള്ള ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കുറവാണ് പുതുതായി ലഭിക്കുന്ന ജോലിയെങ്കിലും മനസമധാനത്തിന് പ്രധാന്യം നല്‍കുന്ന ഇവര്‍ പഴയ സ്ഥലം ഉപേക്ഷിച്ച് പുതിയ ജോലിയെ ഇരുകയ്യും നീട്ടി സ്വീകരിക്കും.
രാജിയിലേക്ക് നയിക്കുന്ന പൊതുവായ കാരണങ്ങള്‍
കരിയറില്‍ വളര്‍ച്ചയില്ലാതിരിക്കുക
അര്‍ഹമായ പ്രതിഫലം ലഭിക്കാതിരിക്കുക
അര്‍ഹമായ അംഗീകാരം ലഭിക്കാതിരിക്കുക
ജോലിയും ജീവിതവും ഒന്നിച്ചുകൊണ്ടുപോകാനുള്ള ബുദ്ധിമുട്ട്
അമിതമായി ജോലി ചെയ്യുന്നതുമൂലം ഉണ്ടാകുന്ന മടുപ്പ്
മികച്ച ടീമിന്റെ ഭാഗമല്ലാതിരിക്കുക
ഓഫിസ് പൊളിറ്റിക്‌സ്
ലക്ഷ്യം നഷ്ടപ്പെടുക, പ്രതീക്ഷകളില്ലാതിരിക്കുക
പിന്തുണ ഇല്ലാതിരിക്കുക
പരിഹാരങ്ങള്‍ എന്തൊക്കെ
കൃത്യവും വ്യക്തവുമായ കരിയര്‍ പാത്ത് സൃഷ്ടിക്കുക. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ ക്ലാസുകളും മെന്ററിങ്ങും നല്‍കുക, പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രമോഷനില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
ജോലിയും ജീവിതവും ഒന്നിച്ച് മികച്ച രീതിയില്‍ കൊണ്ടുപോകുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുക. ജോലി കഴിഞ്ഞ് പോയതിന് ശേഷവും ഫോണിലും മെയിലിലും അവൈലബിള്‍ ആയിരിക്കണമെന്ന അലിഖിത നിയമങ്ങള്‍ പാടില്ല.
പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ അഭിസംബോധന ചെയ്യുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
തുറന്ന-സത്യസന്ധമായ സംഭാഷണങ്ങള്‍ക്കുള്ള ഇടം ഉറപ്പുവരുത്തുക.
ഉദ്യോഗാര്‍ഥിയുടെ സേവനങ്ങളെ വിലമതിക്കുക.
Content Highlights: The era of ‘quiet quitting’ is over. A new trend has taken its place. ‘Revenge quitting’ is on the rise.