
കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം ലഭിക്കാനായി 'ഗോൾഡ് കാർഡ്' എന്ന തന്റെ പുതിയ പൗരത്വ നടപടി പ്രഖ്യാപിച്ചത്. ഇത് പ്രകാരം അഞ്ച് മില്യൺ ഡോളർ നൽകിയാൽ കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം ലഭിക്കും. ഈ നടപടി വഴി യുഎസിലേക്ക് സമ്പന്നർ കൂടുതലെത്തുമെന്നും ഇവർ കൂടുതൽ നിക്ഷേപം രാജ്യത്ത് നടത്തുമെന്നുമാണ് ട്രംപിന്റെ അവകാശവാദം.
എന്നാൽ ഈ നടപടി അമേരിക്കയിൽ പഠിക്കുന്ന, യുഎസ് പൗരത്വം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കുമെന്ന വലിയ ആശങ്കയും ഉയർന്നുവന്നിരുന്നു. നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് യുഎസിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നത്. അവരുടെ ഭാവി എന്ത് എന്ന ചോദ്യം നിലനിൽക്കുമ്പോൾ അതിന് ഒരുത്തരവുമായി ട്രംപ് രംഗത്തുവന്നിരിക്കുകയാണ്.
വിദേശവിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാനാഗ്രഹിക്കുയന്ന കമ്പനികൾ ഗോൾഡ് കാർഡ് വാങ്ങണമെന്നും അതിന് ശേഷം അവരെ റിക്രൂട്ട് ചെയ്യണമെന്നുമാണ് ട്രംപ് പറയുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിലെ മികച്ച സർവകലാശാലകളിൽ പഠിച്ച ശേഷം, സ്വന്തം നാട്ടിൽ പോയി പണക്കാരാകുകയാണ്. ആ പണം അവർ യുഎസിൽ ഉണ്ടാക്കണമെന്നും അതിനാൽ അവരെ യുഎസിൽ തന്നെ നിർത്തണമെന്നും ട്രംപിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കമ്പനികൾ തന്റെ ഗോൾഡ് കാർഡ് വാങ്ങിയ ശേഷം ഇന്ത്യക്കാർ അടക്കമുള്ള വിദേശവിദ്യാർത്ഥികളെ നിലനിർത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്.
നേരത്തെ തന്നെ സിലിക്കൺ വാലി അടക്കമുള്ള ടെക്ക് കേന്ദ്രങ്ങൾ, പ്രതിഭാധനരായ ഉദ്യോഗാർഥികളുടെ അഭാവം ട്രംപിനോട് ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം ട്രംപിനും ബോധ്യമായിട്ടുണ്ട്. കൃത്യമായ മാർഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്നവരെ സ്വാഗതം ചെയ്യുമെന്ന് തന്നെയാണ് ട്രംപിന്റെ നിലപാട്. 'ഗോൾഡ് കാർഡ്' കൂടി വരുന്നതോടെ യുഎസിലേക്ക് കൂടുതൽ പണമെത്തുമെന്നും ഇതുവഴി രാജ്യത്തിൻറെ കടബാധ്യത കുറയ്ക്കാമെന്നുമാണ് ട്രംപ് കണക്കുകൂട്ടുന്നത്.
Content Highlights: How trumps gold card will impact indian students at US