
എട്ട് ദിവസത്തെ ദൗത്യത്തിനുപോയി ഒന്‍പതുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ കഴിയേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇവരെ തിരിച്ചെത്തിക്കാനായി ഭൂമിയില്‍ നിന്ന് പുറപ്പെട്ട സംഘം പേടകത്തിന് അകത്ത് പ്രവേശിക്കുന്നതിന്റെയും ആഹ്ലാദം പങ്കിടുന്നതിന്റെയും വീഡിയോ നാസ പുറത്തുവിട്ടിരുന്നു. അതീവ സന്തോഷത്തോടെയാണ് സുനിത ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും. സുനിതയുടെയും ബുച്ചിന്റെയും എട്ടുദിവസത്തെ ദൗത്യം മാസങ്ങളിലേക്ക് നീണ്ടതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നാസ എത്ര തുക നല്‍കേണ്ടി വരുമെന്ന ചര്‍ച്ച ഇതിനൊപ്പം ചൂടുപിടിച്ചിരിക്കുകയാണ്.
നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശ യാത്രിക കാഡി കോള്‍മാന്‍ പറയുന്നത് പ്രകാരം ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈം സാലറി ഇല്ല. അവര്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ സ്‌പേസിലുള്ള അവരുടെ സമയത്തെ ഭൂമിയിലെ വര്‍ക്ക് ട്രിപ്പായാണ് വിലയിരുത്തുകയത്രേ. അവരുടെ താമസ-ഭക്ഷണ ചെലവുകള്‍ നാസ വഹിക്കുന്നതിനാല്‍ തന്നെ സാധാരണ ശമ്പളം തന്നെയായിരിക്കും അവര്‍ക്ക് ലഭിക്കുകയെന്നും കാഡി കോള്‍ഡ്മാന്‍ പറയുന്നു.എന്നാല്‍ ചെറിയൊരു പ്രതിദിന സ്റ്റൈപന്റ് ഏകദേശം നാലു ഡോളര്‍ അതായത് 347 രൂപ ഇവര്‍ക്ക് ലഭിക്കും.
2010-11ലെ 159 ദിവസം നീണ്ടുനിന്ന ദൗത്യത്തിന് കോള്‍മാന് ലഭിച്ച കൂടുതല്‍ തുക 636 ഡോളറാണ്. ഏകദേശം 55000 ഇന്ത്യന്‍ രൂപ. ഇതേ കണക്കുപ്രകാരം നോക്കുകയാണെങ്കില്‍ സുനിതയ്ക്കും ബുച്ചിനും 287 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന് 1,148 ഡോളര്‍ ലഭിക്കും. ഏകദേശം ഒരുലക്ഷം ഇന്ത്യന്‍ രൂപ. ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരിക്കുകയല്ലെന്നും അന്താരാഷ്ട്ര നിലയത്തില്‍ ജോലികളില്‍ വ്യാപൃതരാണെന്നും നാസ വ്യക്തമാക്കിയിരുന്നു.
സുനിതയും ബുച്ചും നാസയുടെ ജിഎസ്-15 പേ ഗ്രേഡിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവനക്കാരാണ് ഈ ഗ്രേഡിലുള്ളവര്‍. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 1,25,133 ഡോളര്‍ മുതല്‍ 1,62,672 ഡോളര്‍വരെയാണ്. ഏകദേശം 1.08-1.41 കോടി രൂപ.
ബഹിരാകാശനിലയത്തില്‍ 9 മാസം കഴിയേണ്ടി വന്ന ഇവര്‍ക്ക് കണക്കുകള്‍ പ്രകാരം 81 ലക്ഷം മുതല്‍ 1.05 കോടിക്കിടയിലായിരിക്കും പ്രതിഫലം ലഭിക്കുക. ഇതിനുപുറമേ ഒരുലക്ഷം രൂപ ഇന്‍സിഡെന്റല്‍ പേയായും ലഭിക്കും.
Content Highlights: How Much NASA Could Pay Sunita Williams For 9-Month Space Stay