
എട്ടുദിവസത്തെ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഒന്‍പതുമാസത്തെ താമസക്കാലമായ സാങ്കേതിക സങ്കീര്‍ണതകളുടെ കഥ ശാസ്ത്രചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരവിന് തയ്യാറെടുക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ക്ക് പകരമായി എത്തേണ്ട നാലുപേരെ വഹിച്ചുകൊണ്ടുള്ള സ്‌പെയ്‌സ് എക്‌സ് ക്രൂ-10 ദൗത്യം ഫ്‌ളോറിഡിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപണം നടത്തിയിരുന്നു. നാസയുടെ ആനി മക്ലെയ്ന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷിസ, റഷ്യന്‍ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരടങ്ങിയ ദൗത്യ സംഘം ബഹാരാകാശ നിലയത്തിലെത്തുന്നതോടെ സുനിതയും വിര്‍മോറും ഭൂമിയിലേക്ക് തിരിക്കും. പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ മാര്‍ച്ച് 19ന് ഒന്‍പതുമാസക്കാലത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതയും വില്‍മോറും ഭൂമിയില്‍ കാലുകുത്തും.
പക്ഷെ തിരിച്ചെത്തിയാലും ഇവരെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിസാരമല്ല. ക്ഷീണിച്ച സുനിതയുടെ രൂപം തന്നെ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഭൂമിയില്‍ കാലുകുത്തിയെന്ന് ആലങ്കാരികമായി പറയുമ്പോള്‍ പോലും ഇവര്‍ക്കിനി സ്വന്തമായി നടക്കാന്‍ എത്രകാലമെടുക്കമെന്ന ആശങ്കയാണ് അതില്‍ പ്രധാനം. ദീര്‍ഘകാലത്തെ ആകാശവാസം 'ബേബി ഫീറ്റ്' എന്ന അവസ്ഥയിലേക്ക് നയിച്ചുണ്ടാകും. അതായത് കാല്‍പാദം കുഞ്ഞുങ്ങളുടേതിന് സമാനമായ രീതിയില്‍ മൃദുവായിട്ടുണ്ടാകും. അതിനാല്‍ തന്നെ ഭൂമിയിലെത്തിയാല്‍ നടക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും.
ഭൂമിയില്‍ നടക്കുന്ന സമയത്ത് ഗുരുത്വാകര്‍ഷണവും ഘര്‍ഷണവും മൂലം നമ്മുടെ പാദം പ്രതിരോധം നേടിയിട്ടുണ്ടാകും. ഇത് ചര്‍മം കാഠിന്യമുള്ളതാക്കുകയും നടക്കുമ്പോഴുള്ള വേദന ഇല്ലാതാക്കുകയും ചെയ്യും. മാസങ്ങളോളം ബഹിരാകാശത്ത് തങ്ങിയതിനാല്‍ ഇവരുടെ കാലുകള്‍ കുഞ്ഞുങ്ങളുടേതിന് സമാനമായിക്കഴിഞ്ഞിരിക്കും. ചര്‍മം വീണ്ടും കട്ടിയുള്ളതാകുന്നത് വരെ ഇവര്‍ക്ക് നടത്തം അത്ര എളുപ്പമാകില്ല. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ ഇതിന് സമയമെടുത്തേക്കാം.
അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്ഷയം, രക്തയോട്ടം കുറവ്
ഗുരുത്വാകര്‍ഷണമില്ലാത്തത് എല്ലുകളുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കും. മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിനാല്‍ സുനിതയുടെ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ചതായി ഇതിനകം റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഓരോ മാസവും ഒരു ശതമാനമെന്ന രീതിയില്‍ ബലക്ഷയം സംഭവിക്കാമെന്നാണ് നാസ അഭിപ്രായപ്പെടുന്നത്. അതിനുള്ള പ്രതിരോധ മാര്‍ഗങ്ങളെടുത്തില്ലെങ്കില്‍ ബലക്ഷയം വല്ലാതെയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഭൂമിയിലായിരിക്കുമ്പോള്‍ ചെറിയ ചലനങ്ങളിലൂടെ മസിലുകള്‍ക്ക് കരുത്തുണ്ടാകും. എന്നാല്‍ ബഹരികാശ വാസത്തിനിടയില്‍ അത്ര ക്ലേശത്തോടുകൂടിയ ചലനങ്ങള്‍ ഇല്ലാത്തത് മസില്‍ കരുത്ത് ഇല്ലാതാക്കും. ബഹിരാകാശ വാസത്തെ തുടര്‍ന്ന് ഇവരില്‍ രക്തയോട്ടം കുറയാനും സാധ്യത കുറവാണ്. ഗുരുത്വാകര്‍ഷണത്തിന് എതിരായി ഹൃദയത്തിന് രക്തം പമ്പുചെയ്യേണ്ടാത്തതിനാല്‍ ബഹിരാകാശവാസകാലത്ത് ഹൃദയത്തിന് ജോലി കുറവായിരിക്കും. ശരീരത്തിലെ രക്തയോട്ടത്തില്‍ വരെ ഇത് മാറ്റങ്ങളുണ്ടായിട്ടുണ്ടാകും. ചില ഭാഗങ്ങളില്‍ രക്തയോട്ടം കുറവും ഇത് രക്തം കട്ടപിടിക്കുന്നതിന് കാരണവുമാകും. ഫ്‌ളൂയിഡുകളെയും ഇത് ബാധിക്കും. ഐബോളുകളുടെ ആകൃതി, കാഴ്ച ശക്തി എന്നിവയെയും ദീര്‍ഘകാലമുള്ള ബഹിരാകാശവാസം ബാധിച്ചേക്കാം. അതുമൂലമാണ് ബഹിരാകാശത്ത് ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ണടകള്‍ ഉപയോഗിക്കുന്നത്.
ബഹിരാകാശ നിലയത്തില്‍ തങ്ങുമ്പോഴുള്ള മറ്റൊരു വെല്ലുവിളി റേഡിയേഷന്‍ സാധ്യതയാണ്. ഭൂമിയുടെ അന്തരീക്ഷവും കാന്തികവലയവും ഉയര്‍ന്നതോതിലുള്ള റേഡിയേഷനില്‍ നിന്ന് മനുഷ്യശരീരത്തെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു സംരക്ഷണം ബഹിരാകാശകേന്ദ്രത്തിലുള്ളവര്‍ക്ക് ലഭിക്കുന്നില്ല. മൂന്നുതരത്തിലുള്ള റേഡിയേഷനാണ് ഇവരെ ബാധിക്കുകയെന്ന് നാസ പറയുന്നു. ഭൂമിയുടെ കാന്തികവലയത്തില്‍ തങ്ങിനില്‍ക്കുന്ന വസ്തുക്കള്‍, സൂര്യനില്‍ നിന്നുള്ള സോളാര്‍ മാഗ്നെറ്റിക് പാര്‍ട്ടിക്കിള്‍, ഗാലാക്ടിക് കോസ്മിക് റെയ്‌സ് എന്നിവയാണ് അവ.
Content Highlights: Sunita Williams and Butch Willmore Face Painful Return: Baby Feet, Bone Density Loss And More