
വിദേശവിദ്യാഭ്യാസത്തിനായി ജർമനിയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ജർമനിയിലെ ജീവിതനിലവാരവും ജോലിസാധ്യതകളും എല്ലാമാണ് വിദ്യാർത്ഥികളെ ഇങ്ങോട്ട് അടുപ്പിക്കുന്നത്.
മികച്ച ജീവിതാന്തരീക്ഷമാണ് ജർമനിയിൽ ഉള്ളത്.വിദ്യാർത്ഥികളിൽ മാനസിക ഉന്മേഷം ഉണ്ടാകാനും, വർക് ലൈഫ് ബാലൻസിന്റെയും ഭാഗമായി ജർമനിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ച് ആഴ്ചയിൽ 35 മുതൽ 40 മണിക്കൂർ വരെ മാത്രമേ വിദ്യാർത്ഥികൾ ജോലികൾ ചെയ്യേണ്ടതുള്ളൂ. ഒരു വർഷത്തിൽ 30 ആനുവൽ ലീവുകൾ ലഭിക്കുകയും ചെയ്യും. ജോലിയോടൊപ്പം തന്നെ പഠനം നല്ല രീതിയിൽ കൊണ്ടുപോകാൻ ഇത് സഹായിക്കും.
ഓപ്പർച്യൂണിറ്റി കാർഡ് കൊണ്ടുവന്നതും, പൗരത്വ നിയമങ്ങൾ ലഘൂകരിച്ചതുമെല്ലാം വിദേശ വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്നുണ്ട്. വെറും രണ്ട് വർഷം കൊണ്ട് ജർമനിയിൽ സ്ഥിരം പൗരത്വം നേടാൻ സാധിക്കും. പഠിക്കാൻ പോയ വിദ്യാർത്ഥികളിൽ ഏകദേശം അമ്പത് ശതമാനം പേരും അവിടെത്തന്നെ തങ്ങുകയാണ് പതിവ്. 'ലീപ്സ്കോളർ' എന്ന സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി ആണ് ജർമനിയിലെ ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്. നിയമം, മാനേജ്‌മന്റ്, ആർകിടെക്ച്ചർ, സയൻസ് വിഷയങ്ങളാണ് പിന്നിൽ.
അതേസമയം, യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 27 ശതമാനം ഇടിവാണ് ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്നിട്ടുള്ളത്. വിസ നിയമങ്ങൾ കടുപ്പിച്ചത്, ഈ രാജ്യങ്ങളിലെ ഉയർന്ന ഫീസ്, നടപടികളിൽ തഴയപ്പെടാനുള്ള സാധ്യത, നയതന്ത്രപരമായ വിഷയങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വർഷത്തിൽ മാത്രം 1,64,370 വിദ്യാർത്ഥികളുടെ കുറവാണ് ഉണ്ടായത്. 41% ഇടിവാണ് കാനഡ രേഖപ്പെടുത്തിയത്. യുകെ 27%വും യുഎസ് 13% ഇടിവും രേഖപ്പെടുത്തി. ഇത്തരത്തിൽ രാജ്യത്തിന് പുറത്തേയ്ക്ക് പഠിക്കാൻ പോകുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 15% ഇടിഞ്ഞിരുന്നു.
Content Highlights: This country chosen most among international students