
ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നതിന് ശമ്പളം. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഗൂഗിളിലെ ടോപ് ടെക്കികള്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. ബിസിനസ് ഇന്‍സൈഡറില്‍ വന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം ചില ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് അവരുടെ എഐ ഡിവിഷനായ ഡീപ്‌മൈന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. ഇങ്ങനെ ശമ്പളം കൊടുത്ത് വെറുതെയിരുത്തുന്നത് വെറുതെയല്ല. തങ്ങളുടെ എതിരാളികളുടെ മുന്നേറ്റം തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.
അതായത് സ്വര്‍ണക്കൂട്ടില്‍ അടയ്ക്കപ്പെട്ട അവസ്ഥയിലാണ് ഈ ജീവനക്കാര്‍. വെറുതെ ശമ്പളം നല്‍കുന്നതിനൊപ്പം ഇവരില്‍ നിന്ന് ഗൂഗിള്‍ കരാറും ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. മറ്റൊരു കമ്പനിയിലും ജോലി ചെയ്യരുത് എന്നുള്ളതാണ് അത്. മാസങ്ങള്‍ മുതല്‍ ഒരു വര്‍ഷം വരെ നീളുന്നതാണ് ഈ കരാര്‍. നോണ്‍കോംപീറ്റ് അഗ്രിമെന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചുരുക്കത്തില്‍ എതിരാളികള്‍ക്ക് തങ്ങളുടെ മികച്ച എഐ ടാലന്റുകളെ സമീപിക്കാന്‍ സാധിക്കാത്ത വിധം വഴിയെല്ലാം അടച്ചുകൊണ്ടുള്ള ഗൂഗിളിന്റെ തന്ത്രപരമായ നീക്കം. ഞങ്ങളുടെ എഐ ടെക്കികളുടെ തല ഉപയോഗിച്ച് അങ്ങനെ നിങ്ങള്‍ മുന്നേറണ്ട എന്ന അനാരോഗ്യകരമായ മത്സരത്തിന്റെ ഭാഗം.
യുകെയില്‍ ചില സമയങ്ങളില്‍ ജോലിക്കാരെ ഇത്തരത്തില്‍ 'ഗാര്‍ഡന്‍ ലീവില്‍' പ്രവേശിപ്പിക്കാറുണ്ട്. ഇക്കാലയളവില്‍ പേറോളില്‍ തുടരുമെങ്കിലും ജീവനക്കാര്‍ക്ക് പ്രൊജക്ട് സമര്‍പ്പിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല, ഗൂഗിളിന് വേണ്ടിപോലും. വെറുതെ ഇരിക്കുക, മറ്റാര്‍ക്കും വേണ്ടി ജോലി ചെയ്യാതിരിക്കുക എന്നുള്ളതാണ് ഇക്കാലയളവിലെ ജീവനക്കാരുടെ ജോലി.
എഐയുമായി ബന്ധപ്പെട്ട മത്സരം കടുത്തതോടെ മുന്നിട്ടുനില്‍ക്കുക എന്നതുമാത്രമാണ് ഗൂഗിളിന്റെ ലക്ഷ്യം. അതിനുവേണ്ടി എന്തുവളഞ്ഞ വഴിയും സ്വീകരിച്ചെന്നുവരും. ജീവനക്കാര്‍ എന്തുചെയ്യുന്നു എന്നതിലുപരി എതിരാളികള്‍ ഒന്നും ചെയ്യരുത് എന്ന മത്സരബുദ്ധിയാണ് ഇതിന് പിന്നില്‍.
എന്നാല്‍ ഗൂഗിളിന്റെ ഈ തീരുമാനത്തെ എല്ലാ ജീവനക്കാരും ഒരുപോലെ അംഗീകരിക്കുന്നില്ല. തങ്ങളുടെ കരിയറിനെ ഇതുബാധിക്കുമെന്നാണ് അവരില്‍ ചിലരെങ്കിലും കരുതുന്നത്. ഈ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ മാര്‍ക്കറ്റ് സ്റ്റാന്‍ഡാര്‍ഡ് അനുസരിച്ചുള്ളതാണ് കരാറുകളെന്ന് ഗൂഗിള്‍ പറയുന്നു.
Content Highlights: Google is paying AI techies to do absolutely nothing