ലഹരിക്കായി ശരീരം വിറ്റ പെണ്‍കുട്ടി, നിരാശമാറ്റാന്‍ അത്ഭുത 'കല്ല്' തന്ന സുഹൃത്ത്; രാസലഹരിയില്‍ മതിമറന്ന് യുവത്വ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട 87,101 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 93,599 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷെറിങ് പവിത്രൻ
6 min read|09 Apr 2025, 01:08 pm
dot image

'നീ ഇതൊന്ന് വലിക്ക്...ഒരു പുക എടുത്താല്‍ മതി',കൂട്ടുകാര്‍ അവനെ നിര്‍ബന്ധിച്ചു. പക്ഷേ അവന്‍ വഴങ്ങിയില്ല. 'ഒറ്റത്തവണ മതി, വെറുതെ ഒരു രസം, പ്ലീസ്..' പിന്നെയും അവര്‍. ഒടുവില്‍ അവന്‍ ഒരു പുകയെടുത്തു.. ഒരു രസമൊക്കെ തോന്നുന്നുണ്ട്. 'നീ ഒന്നുകൂടി തന്നേ…'അങ്ങനെ ഒരുതവണയായി രണ്ട് തവണയായി… ഒടുവിലവന് അതില്ലാതെ പറ്റില്ലെന്നായി. വിഷാദത്തിലേക്ക് വീണുതുടങ്ങുന്നതിനിടയിലാണ് സുഹൃത്തിന്റെ പാര്‍ട്ടിക്ക് അവനെത്തുന്നത്. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടയില്‍ അവര്‍ സുഹൃത്തിനോട് കാര്യം പറഞ്ഞു. 'എനിക്ക് കുറച്ചുദിവസമായി വല്ലാത്ത നിരാശ. നിങ്ങള്‍ തന്ന കഞ്ചാവ് ബീഡി വലിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു മാറ്റം.' കൂട്ടുകാരന്റെ മറുപടി ഇപ്രകാരമായിരുന്നു. 'അത് മാറ്റാന്‍ എന്റെ കയ്യില്‍ ഒരു ഉഗ്രന്‍ സാധനമുണ്ട്, 'കല്ല്'!

നൂറുരൂപയുടെ നോട്ടിനുമുകളില്‍ വച്ച് കല്ല് മൊബൈലിന്റെ വശംകൊണ്ട് പൊടിച്ചെടുത്ത് കൂട്ടുകാരന്‍ അവന് നേര്‍ക്ക് നീട്ടി. 'ഇത് മൂക്കിലേക്ക് വലിച്ചുകയറ്റൂ.' അതൊരുതുടക്കമായിരുന്നു എംഡിഎംഎ എന്ന ആ വെളുത്തപൊടി സമ്മാനിച്ച നിറമുള്ള ലോകം അവനെ ഉന്മാദിയാക്കി. മൂന്നുനേരവും ഇതില്ലാതെ പറ്റില്ലെന്നായി. ആദ്യമെല്ലാം കൂട്ടുകാര്‍ എത്തിച്ചുകൊടുത്തു. പതിയെ അവനും കല്ലുകച്ചവട ശൃംഖലയുടെ കണ്ണിയായി. സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. അമിതമായ ദേഷ്യം നിയന്ത്രിക്കാനാകാതെ കയ്യില്‍ കിട്ടിയതെല്ലാം എറിഞ്ഞുടയ്ക്കാനും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കാനും തുടങ്ങി. ഭക്ഷണം വേണ്ട, എല്ലായ്‌പ്പോഴും മുറിയടച്ചിട്ടിരിക്കുക. പെട്ടെന്നൊരു ദിവസം 'കൊല്ലരുതേ… എന്നെ കൊല്ലരുതേ…? എന്ന് അലറി വിളിച്ചുകൊണ്ട് ഭ്രാന്തനെപോലെ അവന്‍ വീട്ടില്‍ നിന്നിറങ്ങി ഓടി. വീട്ടുകാര്‍ അവനെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അവിടിരുന്ന് ഈ കഥ പറയാന്‍ അവന്‍ ബാക്കിയായത് പിന്നെയും ജീവിക്കണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ്.

ലഹരിക്കുവേണ്ടി ശരീരം വിറ്റ പെണ്‍കുട്ടി

'2012 ജൂലൈ മാസമാണ് പുതിയ കോഴ്സ് പഠിക്കാനായി ഞാന്‍ ബാംഗ്ലൂര്‍ക്ക് പോയത്. പുതിയ നഗരം, പുതിയ കൂട്ടുകാര്‍, ഓരോദിവസവും മനോഹരമായിത്തന്നെ മുന്നോട്ട് പോയി. ഒരു ദിവസം വൈകുന്നേരം എന്റെ ക്ലാസിലെ ഒരു ആണ്‍സുഹൃത്തും അവന്റെ കുറച്ച് സുഹൃത്തുക്കളും കൂടി പുറത്തുപോകാന്‍ വിളിച്ചു. ഞങ്ങളൊന്നിച്ച് കുറേ സ്ഥലങ്ങളൊക്കെ കറങ്ങി വൈകുന്നേരമായപ്പോള്‍ ഒരു നിശാക്ലബില്‍ എത്തി. സുഹൃത്ത് എനിക്കൊരു ഗ്ലാസില്‍ ജ്യൂസുമായെത്തി നിര്‍ബന്ധിച്ച് കുടിപ്പിച്ചു. വളരെ വൈകിയാണ് ഞാനന്ന് ഉറങ്ങിയത്. തലക്കൊക്കെ ആകെയൊരു പെരുപ്പ്. ശരീരത്തിന് എന്തൊക്കെയോ സംഭവിച്ചതുപോലൊരു തോന്നല്‍. രണ്ട് ദിവസത്തേക്ക് ആകെയൊരു വിഷാദം. വീണ്ടും അന്ന് പോയ ഇടത്തേക്ക് പോകണമെന്ന് ഒരു തോന്നല്‍. ഞാന്‍ സുഹൃത്തിനെ നിര്‍ബന്ധിച്ചു. ഞങ്ങള്‍ വീണ്ടും പലപ്പോഴായി അവിടെ പോയി. ജ്യൂസ് പതിവായി കുടിക്കാന്‍ തുടങ്ങി. വലിയൊരു മയക്കുമരുന്ന മാഫിയയുടെ കണ്ണിയിലെ ഒരാളായിരുന്നു സുഹൃത്ത്. ഞാനും അതിന്റെ ഭാഗമായി.

മയക്കുമരുന്ന് കച്ചവടം ചെയ്തു. അതിന് അഡിക്ടായി, കച്ചവടത്തിന്റെ ഭാഗമായി സുഹൃത്ത് പലര്‍ക്കും പരിചയപ്പെടുത്തി, ലഹരി ലഭിക്കാനായി പല പുരുഷന്മാരുടെ ഒപ്പവും ഞാന്‍ പോയി. ഒടുവില്‍ കഴിക്കാന്‍ ഭക്ഷണവും താമസിക്കാനൊരിടവുമില്ലാതെ ഭ്രാന്തിയായി തെരുവില്‍ അലഞ്ഞു. അവിടുന്ന് മനോരോഗാശുപത്രിയിലേക്ക്. അഞ്ചുവര്‍ഷമാണ് ആ ഇരുട്ടില്‍ ഞാന്‍ കഴിഞ്ഞത്.' രശ്മി പറയുന്നു

മറ്റൊരിടത്ത്

പ്ലസ് വണ്ണില്‍ പഠിക്കുന്ന ഒരേയൊരു മകന്‍ അര്‍ജുന് ലഹരിക്ക് പിന്നാലെ പോകാന്‍ കഴിയുമെന്ന് ആ മാതാപിതാക്കള്‍ ഒരിക്കലും കരുതിയില്ല. ജീവിതത്തിലെ മുഴുവന്‍ സ്‌നേഹവും അവനുവേണ്ടി കരുതിവച്ചതുകൊണ്ട് മാത്രമാണ് മറ്റൊരു കുഞ്ഞിനേക്കൂടി വേണ്ടന്നുപോലും ആ ദമ്പതികള്‍ വിചാരിച്ചതും. മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സ്‌കൂളില്‍നിന്നും പരിചയക്കാരില്‍നിന്നും ചില സൂചനകളും തെളിവുകളുമൊക്കെ ലഭിച്ചെങ്കിലും അര്‍ജുന്‍ അങ്ങനെ ചെയ്യില്ലെന്ന അമിത ആത്മവിശ്വാസമയിരുന്നു അവര്‍ക്ക്. ഒരു ദിവസം അവന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയ പൊതിക്കുള്ളില്‍ കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞ ദിവസം അവരുടെ നെഞ്ച് ഉരുകിയൊലിച്ചു. പക്ഷേ ഒരു സുഹൃത്തിന് കൊടുക്കാന്‍ മറ്റൊരു സുഹൃത്ത് തന്നതാണെന്ന് മകന്‍ ആണയിട്ട് പറഞ്ഞപ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ അവര്‍ക്കായില്ല. നിരന്തരം അവനെക്കുറിച്ചുളള പരാതികള്‍ അവര്‍ക്ക് കേള്‍ക്കേണ്ടി വന്നു. ഹോസ്റ്റലിലെ സഹപാഠിയെ പരിക്കേല്‍പ്പിച്ചതും, വാര്‍ഡനോട് വഴക്കിട്ടതും, ക്ലാസില്‍ കയറാതിരുന്നതും, പരസ്യമായി പുകവലിച്ചതും, സ്‌കൂളില്‍നിന്ന് പുറത്താക്കിയതും, പലരില്‍നിന്നും ലഹരിക്കാവശ്യമായ പണം കൈനീട്ടി വാങ്ങിയതും, ലഹരി കിട്ടാതെ വരുമ്പോഴുള്ള ഒച്ചപ്പാടും ബഹളവും. പലയിടങ്ങളിലും മകനേയും കൊണ്ട് ചികിത്സയ്ക്കായി ആ മാതാപിതാക്കള്‍ അലഞ്ഞു. പണത്തിനുവേണ്ടി പല റീഹാബ് സെന്ററുകാരും ചതിച്ചു. ജീവിതത്തിലും മരണത്തിനുമിടയില്‍ നിന്നുളള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച നാളുകള്‍ക്കൊടുവിലാണ് പയ്യന്നൂരിലെ അരവഞ്ചാല്‍ 'മാക്സ്മൈന്‍ഡ്സ് ' എന്ന റീഹാബ് സെന്ററില്‍ എത്തുന്നതും അര്‍ജുന്റെ മോചനം സാധ്യമാകുന്നതും. അവന്‍ പഴയജീവിതത്തിലെത്താന്‍ എടുത്ത ആറ് വര്‍ഷക്കാലം ആ മാതാപിതാക്കള്‍ ഒരു ജന്മംകൊണ്ട് അനുഭവിക്കേണ്ടിയിരുന്ന മുഴുവന്‍ യാതനയും സഹിച്ചുവെന്ന് അര്‍ജുനെ ചികിത്സിച്ച ഡോ. സോണി പറയുന്നു.

കഥകള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. കേരളത്തില്‍ രാസലഹരി കേസുകള്‍ കുത്തനെ കൂടുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലും പിടികൂടിയിട്ടുള്ള മയക്കുമരുന്നിന്റെ അളവിലും വലിയരീതിയിലുളള വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എംഡിഎംഎ, മെത്താഫെറ്റാമൈന്‍, എല്‍എസ്ഡി, കൊക്കൈയ്ന്‍ മുതലായ ലഹരികളുടെ കേസില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിലകൂടിയ ലഹരിവസ്തുവാണെങ്കിലും എംഡിഎംഎയുടെ ഉപയോഗം കേരളത്തിലും വര്‍ധിച്ചുവരികയാണ്. കഞ്ചാവില്‍ നിന്ന് സിന്തറ്റിക് മരുന്നുകളിലേക്കുള്ള മാറ്റം ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മയക്കുമരുന്ന് വില്‍പനയുടെ ഹോട്ട്‌സ്‌പോട്ടുകളായി മാറുന്നു. മിഠായികളുടെയും ഐസ്‌ക്രീമുകളുടെയും രൂപത്തില്‍ മയക്കുമരുന്ന് കുട്ടികളിലെത്തുന്നു. പ്രധാനമായും ചെറുപ്പക്കാരാണ് ഇതിന്റെ പ്രാഥമിക ഉപയോക്താക്കള്‍. ഡോക്ടര്‍മാര്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ മയക്കുമരുന്നിന് അടിമകളാണ്.

നാല് വര്‍ഷത്തിനിടെ അറസ്റ്റിലായത് ഒരുലക്ഷത്തോളം പേര്‍

മയക്കുമരുന്നുമായി ബന്ധപ്പെട്ട 1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം 2024ല്‍, കേരളത്തില്‍ ആകെ 24,517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കേരളത്തില്‍ മയക്കുമരുന്ന് കേസുകളില്‍ 330 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പരമ്പരാഗത കഞ്ചാവ് സംയുക്തങ്ങളും കുത്തിവയ്പ്പുകളും ഇപ്പോഴും ഉപയോഗത്തിലുണ്ടെങ്കിലും, അവ പ്രധാനമായും സിന്തറ്റിക് മയക്കുമരുന്ന് ക്രിസ്റ്റലുകളും എംഡിഎംഎയും ഒക്കെയായി മാറ്റിസ്ഥാപിക്കപ്പെട്ടു. കൊക്കെയ്ന്‍, ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍ എന്നിവയ്‌ക്കൊപ്പം എംഡിഎംഎയും ഒന്നാം സ്ഥാനത്താണ്. ഒരു വര്‍ഷത്തിനുള്ളില്‍ എംഡിഎംഎയുടെ വില്‍പ്പന മാത്രം 65 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന്. പ്രത്യേകിച്ച് എംഡിഎംഎ, മെത്ത് വകഭേദങ്ങള്‍ എന്നിവ കേരളത്തിലേക്ക് ഒഴുകിയെത്തുന്നത് കൂടുതലും ബെംഗളൂരുവില്‍നിന്നാണ്. ചെന്നൈ മറ്റൊരു കേന്ദ്രമാണ്. ഈ വര്‍ഷം 2025 ലെ ആദ്യ മാസത്തില്‍ കേരളത്തില്‍ ഏകദേശം 2,000 എന്‍ഡിപിഎസ് കേസുകള്‍ കണ്ടുപിടിക്കപ്പെട്ടു. 2024 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 24,517 ആണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട 87,101 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അറസ്റ്റിലായത് 93,599 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹബ്ബ് കൊച്ചി തന്നെ

രാസലഹരി കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വരുന്നത് ഗോവയില്‍ നിന്നും ബെംഗളൂരുവില്‍നിന്നുമാണ്. ഒറീസയില്‍ നിന്നും ആന്ധ്രയില്‍ നിന്നും കഞ്ചാവും. കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്നവരും വിദ്യാര്‍ഥികളും പ്രണയിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിപോകുന്നവരും ചതിയില്‍ അകപ്പെടുന്നവരും പണത്തിനായി പോകുന്നവരും എല്ലാം ലഹരിയുടെ വാഹകരാകുന്നുണ്ട്. കൊച്ചിയാണ് കേരളത്തില്‍ രാസലഹരിയുടെ കേന്ദ്രം. പാലാരിവട്ടം, കളമശേരി, അമ്പലമേട്, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ വ്യാപകമായി ഇവ ലഭിക്കും. നാട്ടിന്‍പുറങ്ങളില്‍ കഞ്ചാവ് തുടങ്ങി എംഡിഎംഎ വരെ കിട്ടാറുണ്ട്. റൂറല്‍ ഏരിയകളില്‍ മദ്യവും കഞ്ചാവുമാണ് കൂടുതല്‍. മയക്കുമരുന്ന് വ്യാപനത്തിന് പിന്നില്‍ വലിയ ലോബിയാണുള്ളത്. കാരണം ഇതില്‍നിന്ന് കിട്ടുന്ന ഫണ്ട് വളരെ വലുതാണ്. 50000 രൂപയുടെ കഞ്ചാവ് എടുത്തുകൊണ്ട് വന്ന് വില്‍ക്കുന്നയാള്‍ക്ക് കിട്ടുന്ന ലാഭം രണ്ടര ലക്ഷം രൂപയ്ക്ക് അടുത്താണ്. മാര്‍ക്കറ്റ് വളരെ കൂടുതലാണ്. ഇതിനായി കോക്കസും കച്ചവടക്കാരും ഉണ്ട്. സിറ്റിക്ക് അകത്തുംപുറത്തുമായി കച്ചവടം നടത്തുന്നവരില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുമുണ്ട്. 24 മണിക്കൂറും തുറന്നിരിക്കുന്ന കടകളില്‍ ഭൂരിഭാഗവും ലഹരിയുടെ കേന്ദ്രങ്ങളാണ്.

(തുടരും)

** ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ഥമല്ല

Content Highlights: Kerala is in the grip of a surging drug crisis, say No to Drugs

dot image
To advertise here,contact us
dot image