
മത്സരാധിഷ്ഠിതമായ ഇന്നത്തെ കാലത്ത് ജോലിമാറുക, തൊഴിലിടം മാറുക എന്നത് വളരെ സാധാരണമാണ്. കരിയര്‍ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാളും അനുഭവസമ്പത്തുകള്‍ക്കായി തൊഴിലിടങ്ങള്‍ മാറുന്നതും അതിനനുസരിച്ച് ശമ്പളവും പദവിയും ഉയര്‍ത്തുന്നതും ഇന്ന് പതിവാണ്. കരിയര്‍ ഗ്രോത്തിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് മൂവായാണ് പ്രൊഫഷണല്‍സ് അതിനെ വിലയിരുത്തുകയും ചെയ്യുക. എന്നാല്‍ നിലവിലുള്ള ജോലിയില്‍ തുടരാന്‍ ചില കാരണങ്ങളുണ്ട്. അതേതെല്ലാമാണെന്ന് നോക്കാം.
നിങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുക
കരിയറില്‍ വളര്‍ച്ച നേടുന്നതിനുള്ള എളുപ്പവഴിയായി പലരും ജോലിമാറ്റത്തെ കാണാറുണ്ട്. അതേസമയം നിങ്ങളുടെ നൈപുണ്യം വികസിപ്പിക്കുന്നതും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതും മറ്റൊരുതരത്തില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങളെ വളരാന്‍ അനുവദിക്കുന്ന ഘടകങ്ങളാണ്. നിങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനായി കമ്പനി തീരുമാനിക്കുക, ഉചിതമായ സമയത്ത് പ്രമോഷന്‍ നല്‍കുക, നേതൃസ്ഥാനത്തേക്കുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, അതിനുള്ള അവസരങ്ങള്‍ കൃത്യമായി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നിലവിലുള്ള കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ പിന്നെ രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമില്ല.
മികച്ച പാക്കേജ്
ജോലിയില്‍ സംതൃപ്തി കണ്ടെത്താനുള്ള ഏക മാര്‍ഗം ഒരിക്കലും ശമ്പളമല്ല. എന്നാല്‍ ശമ്പളത്തിന് തീര്‍ച്ചയായും പ്രധാന്യമുണ്ട്. ഇന്‍സ്ട്രി സ്റ്റാന്‍ഡേഡ് അനുസരിച്ചുള്ള മികച്ച ശമ്പളമാണ് നിങ്ങളുടെ കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നതെങ്കില്‍ അതില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് പ്ലാനുകള്‍, പെയ്ഡ് ലീവ് എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ചെറിയൊരു ശമ്പള വര്‍ധനവിന് വേണ്ടി നിങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം വിടുന്നതില്‍ അര്‍ഥമില്ല.
നിങ്ങളുടെ ജോലി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ?
പണ്ടുണ്ടായിരുന്ന അതേ പാഷനോടെ ഇന്നും ജോലി തുടരാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കണം. അതേ ആവേശവും സന്തോഷവും സംതൃപ്തിയും ജോലി നല്‍കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മറ്റുതാല്പര്യങ്ങള്‍ക്കുള്ള സമയം കൂടി ഇതിനിടയില്‍ ലഭിക്കുന്നുണ്ടെങ്കില്‍ ജോലി വിടുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. വല്ലപ്പോഴും അനുഭവപ്പെടുന്ന ബോറടിയെ ജോലിയോടുള്ള മടുപ്പായി കണക്കുകൂട്ടാതെയുമിരിക്കുക.
ജോലി-ജീവിതം രണ്ടും ഒന്നിച്ചുകൊണ്ടുപോകാനാകുന്നുണ്ടോ?
ഉത്തരം ഉണ്ടെന്നാണെങ്കില്‍ അതിനേക്കാള്‍ വലിയ മെച്ചമില്ല. വ്യക്തിഗതമായ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നു, ഫ്‌ളെക്‌സിബിള്‍ ആയി ജോലി ചെയ്യാന്‍ സാധിക്കുന്നു, ഓവര്‍ടൈം വേണ്ടി വരുന്നില്ല തുടങ്ങി വളരെ റിലാക്‌സ്ഡ് ആണ് ഇപ്പോഴത്തെ ജോലിയില്‍ നിങ്ങളെങ്കില്‍ ഒന്നുമനസ്സിലാക്കുക പലരും ആഗ്രഹിക്കുന്ന ഒരു ജോലിയാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഒരു മാറ്റം അനിവാര്യമില്ല.
Content Highlights: Four signs you should stay in your current job