
പല്ലുവേദന അസഹനീയമാണ്. പല്ലുവേദനയ്ക്ക് പല കാരണങ്ങളുമുണ്ട്. പല്ലിനുണ്ടാകുന്ന കേടുകള്‍, മോണ രോഗം, അണുബാധ എന്നിങ്ങനെ പല ഘടകങ്ങള്‍ പല്ല് വേദനയ്ക്ക് കാരണമാകാം. ഡോക്ടറെ കാണുന്നതിന് മുന്‍പ് വേദനയുടെ തീവ്രത കുറയ്ക്കാന്‍ ഈ നുറുങ്ങുകള്‍ പരീക്ഷിച്ചുനോക്കൂ..
പല്ല് വേദന ശമിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ പ്രതിവിധികളിലൊന്നാണ് ഗ്രാമ്പൂ എണ്ണ. ഗ്രാമ്പുവില്‍ യുജെനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ ഒരു വേദനസംഹാരിയാണ്. കൂടാതെ നീര്‍വീക്കം കുറയ്ക്കാന്‍ കഴിവുള്ള ഒരു ആന്റി ബാക്ടീരിയല്‍ ഏജന്റുമാണ് ഗ്രാമ്പൂ എണ്ണ. ഒരു കഷണം വൃത്തിയുള്ള പഞ്ഞിയില്‍ ഏതാനും തുളളി ഗ്രാമ്പൂ എണ്ണ ഒഴിച്ച് വേദനയുള്ള ഭാഗത്ത് തടവുക. കുറച്ച് മിനിറ്റ് പഞ്ഞി അങ്ങനെ തന്നെ കടിച്ച് പിടിക്കുക. ശേഷം ചെറുചൂടുവെളളത്തില്‍ കഴുകുക. അതല്ലെങ്കില്‍ ഒരു ഗ്രാമ്പൂ വേദനയുള്ള ഭാഗത്ത് കടിച്ചുപിടിക്കുക.
പല്ലുവേദന ശമിപ്പിക്കാനും അണുബാധ കുറയ്ക്കാനും എളുപ്പവും ഫലപ്രദവുമായ പ്രതിവിധി ഉപ്പ് വെള്ളത്തില്‍ വായ കഴുകുകയാണ്. ഉപ്പ് ഒരു പ്രകൃതിദത്ത അണുനാശിനിയാണ്. ഇത് വീക്കം, വായിലെ അണുബാധ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി വായില്‍ കൊളളുക.
കാലങ്ങളായി ഔഷധ ഗുണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വെളുത്തുള്ളി വേദന കുറയ്ക്കുകയും പല്ലുകള്‍ക്കിടയിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു വെളുത്തുള്ളി അല്ലി ചവച്ച് പേസ്റ്റ് ആക്കി മാറ്റുക. ഈ വെളുത്തുള്ളി പേസ്റ്റ് നേരിട്ട് പല്ലില്‍ പുരട്ടി അല്‍പ്പസമയം വയ്ക്കുക.
പല്ലില്‍ ഐസ് വയ്ക്കുന്നത് വേദനയ്ക്ക് കാരണമായ ഞരമ്പുകളെ മരവിപ്പിക്കുകയും വേദനയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കുകയും ചെയ്യും. വൃത്തിയുള്ള ഒരു തൂവാലയിലോ തുണിയിലോ കുറച്ച് ഐസ് ക്യൂബ് പൊതിയുക. വേദനയുള്ള പല്ലിന് സമീപമുള്ള കവിളില്‍ 15 മിനിറ്റ് പിടിക്കുക. അവ ആ പ്രത്യേക പല്ലിനുളളിലെ രക്തക്കുഴലുകളെ ചുരുക്കുന്നു. അതുവഴി വേദന ഒഴിവാക്കുകയോ നീര്‍വീക്കം കുറക്കുകയോ ചെയ്യുന്നു.
ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ നിലനിര്‍ത്തുന്നു.സള്‍ഫര്‍ സംയുക്തങ്ങള്‍ നീര്‍വീക്കം തടയുന്നവയാണ്. അവ രോഗാണുക്കളെ നശിപ്പിക്കുകയും പല്ലുവേദനയില്‍നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. പച്ച ഉളളി മുറിച്ച് കേടുളള പല്ലില്‍ നേരിട്ട് വയ്ക്കുക. അല്ലെങ്കില്‍ പതുക്കെ ചവച്ചാല്‍ മതിയാകും.
മഞ്ഞള്‍ ഏറ്റവും ശക്തമായ ആയുര്‍വേദ വിരുദ്ധ, ആന്റി സെപ്റ്റിക് സസ്യമാണ്. ഇതിന് അണുബാധ തടയാനുള്ള ഗുണങ്ങളുണ്ട്. പല്ല് വേദനയ്ക്ക് ഏറ്റവും മികച്ച പരിഹാരമാണ്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കുറച്ച് തുളളിവെള്ളത്തില്‍ കലക്കി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് നേരിട്ട് പല്ലില്‍ പുരട്ടുക. കുറച്ച് സമയം വച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ വായ കഴുകുക.
Content Highlights :There are ways we can do ourselves to reduce toothache