
ഇന്ത്യയിലെ അവധികളുടെ ബാഹുല്യത്തെ കുറിച്ചും ഉല്പാദനക്ഷമതയെക്കുറിച്ചും ഹൈരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഒ എഴുതിയ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇന്ത്യയിലെ പൊതുഅവധികളുടെ എണ്ണം ബിസിനസ് പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുവെന്നും കാര്യക്ഷമതയെ ബാധിക്കുന്നുവെന്നുമാണ് ക്ലീന്റൂംസ് കണ്ടെയ്ന്‍മെന്റ്‌സ് സിഇഒ രവികുമാര്‍ തുമ്മലചര്‍ള പറഞ്ഞത്.
'വളരെയധികം അവധി ദിനങ്ങള്‍, ജോലി നീങ്ങുന്നില്ല! വാരാന്ത്യങ്ങള്‍ക്കൊപ്പം പൊതു, ഓപ്ഷണല്‍ അവധി ദിനങ്ങളുടെ അമിതഭാരവും പലപ്പോഴും ജോലി സ്തംഭിപ്പിക്കുന്നു. 2025 ഏപ്രിലില്‍ മാത്രം, ഞങ്ങള്‍ക്ക് 10+ അവധി ദിനങ്ങള്‍ ഉണ്ടായിരുന്നു, മിക്ക ഓഫീസുകളിലും ആഴ്ചകളായി ഫയലുകള്‍ നീങ്ങുന്നില്ല.' ഏപ്രിലിലെ അവധി ദിനങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ പുനര്‍നിര്‍ണയിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊഴില്‍മന്ത്രാലയവും ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
'ചൈന അറുപത് വര്‍ഷം മുന്നിലാണ്. കാരണം അവര്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന്യം നല്‍കുന്നു. ഇന്ത്യയില്‍, സുഗമമായ സംവിധാനങ്ങളും വേഗതയേറിയ പ്രക്രിയകളും തേടി നമ്മള്‍ പലപ്പോഴും വിദേശത്തേക്ക് കുടിയേറുന്നു. നമ്മുടെ അവധിക്കാല സംസ്‌കാരത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും മികച്ച സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.' രവികുമാര്‍ പറയുന്നു.
എന്നാല്‍ രവികുമാറിന്റെ പോസ്റ്റ് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. സിഇഒ ഓപ്ഷണല്‍ അവധി ദിനങ്ങളും വാരാന്ത്യങ്ങളും ഒരുമിച്ച് ചേര്‍ത്തെന്നും യഥാര്‍ഥ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം തെറ്റായി കരുതാന്‍ ഇത് കാരണമാകുമെന്നും പലരും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും പ്രാധാന്യം അവഗണിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പലരും പങ്കുവച്ചു.
'ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പരിഹാരം ദീപാവലി, ഈദ്, ദുഃഖവെള്ളി എന്നിവ റദ്ദാക്കുന്നതാണോ. ഇമെയില്‍ മറുപടികള്‍ ലഭിക്കാത്തതാണ് നിങ്ങള്‍ക്ക് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്. അവധി ദിവസങ്ങള്‍ കൊണ്ടല്ല, മോശം സംവിധാനങ്ങള്‍, ചുവപ്പുനാട, ജോലി = 24/7 എന്നീ കാരണങ്ങളാണ് ഉല്പാദനക്ഷമത കുറയ്ക്കുന്നത്. ഈസ്റ്റര്‍ ഒഴിവാക്കിക്കൊണ്ടല്ല ചൈന മുന്നോട്ട് പോയത്, അവര്‍ ലോജിസ്റ്റിക്‌സ്, സാങ്കേതികവിദ്യ, കാര്യക്ഷമത എന്നിവയില്‍ നിക്ഷേപിച്ചു. കലണ്ടറിനെ കുറ്റപ്പെടുത്തുന്നതിന് പകരം അത് പരീക്ഷിച്ചുനോക്കൂ.' ഒരു ലിങ്ക്ഡ്ഇന്‍ ഉപയോക്താവ് പ്രതികരിക്കുന്നു.
Content Highlights: Productivity vs. Holidays: CEO's Post Ignites National Discussion