
ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി.. ബ്യൂണസ് ഐറിസിലെ ബാല്യം മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാനകാലം വരെ സുദീര്‍ഘമായി പ്രതിപാദിച്ച 240 പേജുകളുള്ള പുസ്തകം മറ്റു ആത്മകഥകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. മാര്‍പാപ്പയുടെ ജീവിതത്തിനൊപ്പം അദ്ദേഹത്തിന്റെ വീക്ഷണകോണിലൂടെ ചരിത്രസംഭവങ്ങള്‍ കൂടി അടയാളപ്പെടുത്തുന്ന ഒന്ന്.
രണ്ടാംലോകമഹായുദ്ധം മുതല്‍ ഇന്നുവരെ ലോകത്തെ അടയാളപ്പെടുത്തിയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ജീവിതമാണ് മാര്‍പാപ്പയുടേത്. രണ്ടാംലോകമഹായുദ്ധം, യഹൂദരുടെ നാസി ഉന്മൂലനം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബാക്രമണം, 2008ലെ സാമ്പത്തിക മാന്ദ്യം, മറഡോണയുടെ ഗോള്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജി, ഫ്രാന്‍സിസ് എന്ന പേരില്‍ അദ്ദേഹത്തെ പുതിയ പാപ്പയായി തിരഞ്ഞെടുത്ത കോണ്‍ക്ലേവ് തുടങ്ങി നിരവധി ചരിത്രനിമിഷങ്ങളാണ് ആത്മകഥയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.
1939ല്‍ രണ്ടാംലോകമഹായുദ്ധം നടക്കുമ്പോള്‍ മൂന്നുവയസ്സാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രായം. അന്നത്തെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആത്മകഥ ആരംഭിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും യഹൂദജനത നേരിടേണ്ടി വന്ന പീഡനങ്ങളും മാര്‍പാപ്പയുടെ കുടുംബത്തെ, പ്രത്യേകിച്ച് അമ്മയെ എങ്ങനെയാണ് ബാധിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍ക്കുന്നു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെയും സമാധാനത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളെ രൂപപ്പെടുത്തിയത് ഈ അനുഭവങ്ങളാണ്. ഹോളോകോസ്റ്റിനെ അഭിസംബോധന ചെയ്ത് പീഡനത്തിന് ഇരയായവരോട് പുലര്‍ത്തേണ്ട അനുകമ്പയെകുറിച്ചും ആത്മകഥ ചര്‍ച്ച ചെയ്യുന്നുണ്ട്.
1969ലാണ് ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തുന്നത്. ലോകം ആകാംക്ഷയോടെ വീക്ഷിച്ച അപ്പോളോ 11 ദൗത്യ നേട്ടം ആത്മകഥയില്‍ അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. 90കളില്‍ കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിനുണ്ടായ തളര്‍ച്ച ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതിനെ ശീതയുദ്ധം അവസാനിച്ച് ഒരു പുതിയ യുഗം ആരംഭിക്കുന്നതിന്റെ തുടക്കമായാണ് അദ്ദേഹം വിലയിരുത്തുന്നത്. 2001ലെ സെപ്റ്റംബര്‍ 11 ആക്രമണം ഓര്‍ത്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ ലോകത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു
ലോകം മുഴുവന്‍ ക്വാറന്റീനില്‍ കഴിച്ചുകൂട്ടിയ കോവിഡ് 19 നാളുകളും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു മഹാമാരിയില്‍ ലോകം വിറച്ചുപോയതിനെ കുറിച്ചും ഓരോമനുഷ്യരുടെ ദൈനംദിന ജീവിതത്തെ അത് ബാധിച്ചതിനെ കുറിച്ചും സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നുണ്ട്. യെമനിലും സുഡാനിലും യുക്രെയ്‌നിലും ഉള്‍പ്പെടെ എവിടെയെല്ലാം മനുഷ്യര്‍ ജീവന്‍ കയ്യില്‍പിടിച്ച് മരണത്തെ പ്രതീക്ഷിച്ചുകഴിയുന്നുണ്ടോ ആ പ്രക്ഷുബ്ധതകളെയെല്ലാം ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി അഭിസംബോധന ചെയ്യുന്നുണ്ട്. രണ്ടാംലോക മഹായുദ്ധത്തിലുണ്ടായ സംഭവങ്ങളോട് ചേര്‍ത്തുവച്ചാണ് ഇതെല്ലാം അദ്ദേഹം നോക്കിക്കാണുന്നതും.
സാമൂഹിക അസമത്വത്തെ കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചും യുദ്ധം, ആണവായുധങ്ങള്‍, വംശഹത്യകള്‍ എന്നിവയെ കുറിച്ചുമെല്ലാം സത്യസന്ധമായ തന്റെ കാഴ്ചപ്പാടുകള്‍ ആത്മകഥയിലൂടെ വിവരിക്കുന്നുണ്ട് മാര്‍പാപ്പ. യുവതലമുറയോട് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് ഓരോരോ സംഭവങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി പറയാന്‍ ശ്രമിക്കുന്നു അദ്ദേഹം.
'കഴിഞ്ഞ എണ്‍പത് വര്‍ഷത്തിനിടയില്‍ മാനവരാശി അനുഭവിച്ച ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ സംഭവങ്ങളിലൂടെ, എന്റെ ജീവിതത്തിന്റെ കഥയാണ് ഈ പുസ്തകത്തില്‍ നമ്മള്‍ പറയുന്നത്. പ്രത്യേകിച്ച് യുവതലമുറയ്ക്ക്, ഒരു വൃദ്ധന്റെ ശബ്ദം കേള്‍ക്കാനും നമ്മുടെ ലോകം അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും, അങ്ങനെ ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, വെളിച്ചം കാണുന്ന ഒരു പുസ്തകമാണിത്. ഉദാഹരണത്തിന്, ലോകത്തെ ബാധിച്ചതും ഇപ്പോഴും ബാധിക്കുന്നതുമായ യുദ്ധങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വംശഹത്യകള്‍, പീഡനങ്ങള്‍, വ്യത്യസ്ത മതങ്ങളിലെ സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള വിദ്വേഷം എന്നിവയെക്കുറിച്ച് നമുക്ക് ചിന്തിക്കാം! എത്ര കഷ്ടപ്പാടുകള്‍! ഒരു നിശ്ചിത പ്രായത്തിലെത്തിയ ശേഷം, ഓര്‍മകളുടെ പുസ്തകം വീണ്ടും തുറന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്: തിരിഞ്ഞുനോക്കി പഠിക്കുക, നല്ലതല്ലാത്ത കാര്യങ്ങള്‍, നമ്മള്‍ അനുഭവിച്ച വിഷലിപ്തമായ കാര്യങ്ങള്‍, നമ്മള്‍ ചെയ്ത പാപങ്ങള്‍ തിരിച്ചറിയുക, ദൈവം നമുക്ക് അയച്ചതെല്ലാം പുനരുജ്ജീവിപ്പിക്കുക. വളരെ വൈകുന്നതിന് മുമ്പ് നാമെല്ലാവരും ചെയ്യേണ്ട വിവേചനബുദ്ധിയുടെ ഒരു വ്യായാമമാണിത്!' ലൈഫ്, മൈ സ്റ്റോറി ത്രൂ ഹിസ്റ്ററിയെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഇപ്രകാരമാണ്. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ഫാബിയോ മാര്‍ഷെ റഗോണയാണ് പുസ്തകം തയ്യാറാക്കിയത്, പ്രസിദ്ധീകരിച്ചത് ഹാര്‍പ്പര്‍ കോളിന്‍സും.
ഒരു തിരിഞ്ഞുനോട്ടത്തിന് ലോകത്തെ പ്രേരിപ്പിച്ചുകൊണ്ടാണ് വലിയ ഇടയന്‍ വിടപറഞ്ഞിരിക്കുന്നത്..
Content Highlights: "Life: My Story Through History," explores significant world events that have shaped the 20th and 21st centuries,