ആസിഫ് അലി നായകനായി അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'ലെവൽ ക്രോസി'ന് മികച്ച നിരൂപക പ്രശംസയാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. സാക്ക്നിൽക്കിന്റെ കണക്ക് പ്രകാരം മൂന്നാം ദിവസത്തിൽ ആഗോള തലത്തിൽ 91ലക്ഷമാണ് തിയേറ്ററിൽ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യ നെറ്റ് കളക്ഷൻ 74 ലക്ഷമാണ്. മൂന്നാം ദിവസം മാത്രം 35 ലക്ഷമാണ് ചിത്രം കേരള ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്.
രഘു എന്ന ഗേറ്റ് കീപ്പറായാണ് ആസിഫ് അലി അഭിനയിക്കുന്നത്. ഒരു സൈക്കോളജിസ്റ്റായി അമല പോളും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നവാഗതനായ അർഫാസ് അയ്യൂബ് സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത പശ്ചാത്തലത്തിലുള്ള രണ്ട് കഥാപാത്രങ്ങളുടെ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിലൊരുങ്ങിയിരിക്കുന്ന സിനിമ ക്വാളിറ്റി പടമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമായ ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേത് തന്നെയാണ്. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെ ചിത്രത്തിനുണ്ട്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ.