ടർബോ ജോസിന്റെ വമ്പൻ പ്രകടനത്തിന് ശേഷം മമ്മൂട്ടി ആരാധകർ കണ്ണും നട്ടിരിക്കുന്നത് 'ബസൂക്ക'യ്ക്ക് വേണ്ടിയാണ്. കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി എത്തുമെന്ന് നാളുകൾക്ക് മുൻപ് അഭ്യൂഹങ്ങൾ എത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തയിരുന്നില്ല. പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമ എത്താൻ വൈകിയേക്കും.
സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടില്ല എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. ബസൂക്കയുടെ നിർണായകമായ ഭാഗങ്ങളിൽ ഒന്നായ ഗൗതം വാസുദേവ് മേനോനുമുള്ള സീൻ ഷൂട്ട് ചെയ്യാൻ ബാക്കിയാണ്. മമ്മൂട്ടിയും ഗൗതം മേനോനും നിലവിൽ പേരിടാത്ത ഒരു പ്രോജക്ടിൽ പ്രവർത്തിക്കുന്നതിനാൽ ഷെഡ്യൂളിൽ മാറ്റം വന്നിട്ടുണ്ട്. ഇതാണ് ബസൂക്കയുടെ ചിത്രീകരണം വൈകാൻ കാരണമാകുന്നത്.
ചിത്രീകരണം പൂർത്തിയാകാൻ ബാക്കിയുണ്ടെങ്കിലും സമാന്തരമായി സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോൻ ഉൾപ്പെടുന്ന ബാക്കിയുള്ള രംഗങ്ങൾ 2-3 ദിവസത്തെ ചെറിയ ഷെഡ്യൂളിൽ പൂർത്തിയാക്കാനാണ് ടീമിൻ്റെ തീരുമാനം. എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഓണം റിലീസായി 'ബസൂക്ക' തിയേറ്ററുകളിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്.
അതേസമയം, ഗൗതം മേനോൻ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പേരിടാത്ത ഈ പ്രോജക്ടിൽ നടൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷെർലക് ഹോംസ് സ്റ്റൈൽ ഇൻവെസ്റ്റിഗേറ്ററായി മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.