ഈ വർഷത്തിന്റെ മുക്കാൽ ഭാഗം അവസാനിക്കുമ്പോൾ കോളിവുഡിന് ശനിദശ തുടരുകയാണ്. 2024 ന്റെ ആദ്യപകുതിയിൽ വമ്പൻ വിജയങ്ങൾ ഒന്നും തന്നെ തമിഴ് സിനിമയ്ക്ക് അവകാശപ്പെടാനില്ലായിരുന്നു. മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സും വിജയ്‌യുടെ ഗില്ലി റീ റിലീസുമായിരുന്നു ആദ്യ മാസങ്ങളില്‍ തമിഴ് ബോക്സ്ഓഫീസിൽ ടോപ് കളക്ഷൻ നേടിയ സിനിമകളിൽ മുൻപന്തിയിലുണ്ടായിരുന്നത്. കമൽഹാസൻ, വിജയ്, രജനികാന്ത് ഉൾപ്പടെയുള്ളവരുടെ സിനിമകൾ റിലീസ് ചെയ്യാനുള്ളതിനാൽ തന്നെ രണ്ടാം പകുതിയിൽ കോളിവുഡ് ശക്തമായി തിരിച്ചെത്തുമെന്നായിരുന്നു അനലിസ്റ്റുകൾ കണക്ക് കൂട്ടിയതും.
എന്നാൽ ഈ വർഷം അവസാനിക്കാൻ ഇനി രണ്ടുമാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആ പ്രതീക്ഷകൾ പലതും തെറ്റിയിരിക്കുകയാണ്. ജൂലൈ മാസത്തിലായിരുന്നു ഈ വർഷത്തെ തമിഴിലെ ആദ്യ സൂപ്പർതാര ചിത്രം റിലീസ് ചെയ്യുന്നത്, ശങ്കറും കമൽഹാസനും വർഷങ്ങൾക്കിപ്പുറം ഒന്നിച്ച ഇന്ത്യൻ 2 . വർഷങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ നേട്ടം കൈവരിക്കുകയും ക്ലാസിക് സിനിമകളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്ത ഇന്ത്യന്‍റെ
രണ്ടാം ഭാഗമായതിനാൽ തന്നെ സിനിമയുടെ മേൽ വലിയ ഹൈപ്പുണ്ടായിരുന്നു. അതിന് തുണയായി 'വിക്രമി'ലൂടെ തിരിച്ചുപിടിച്ച കമലിന്റെ സ്റ്റാർഡവും. എന്നാൽ ചിത്രം തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെടുകയും ട്രോളുകൾക്ക് പാത്രമാവുകയും ചെയ്തു. എന്തിനേറെ, ഈ സിനിമയുടെ തുടർച്ചയായ ഇന്ത്യൻ 3 നേരിട്ട് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യാനുള്ള ആലോചനകളിലാണ് അണിയറപ്രവർത്തകർ എന്ന വാർത്തകളും പിന്നാലെയെത്തി.
തമിഴ് ബോക്സ്ഓഫിസിന് എന്നും രക്ഷകനാകാറുള്ള വിജയ്‌യുടെ ഗോട്ടായിരുന്നു മറ്റൊരു വമ്പൻ റിലീസ്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമ സെപ്റ്റംബറിൽ സോളോ റിലീസായാണ് എത്തിയത്. ചിത്രം തമിഴ്‌നാട്ടിൽ 220 കോടിയോളം രൂപയോളം നേടിയെങ്കിലും കർണാടക, ആന്ധ്ര പ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തണുപ്പൻ പ്രതികരണമാണ് നേടിയത്. വിജയ് സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറുള്ള കേരളത്തിൽ പോലും സിനിമ വീണു. പിന്നീട് ഒടിടി റിലീസിന് പിന്നാലെ സിനിമ വലിയ തോതിൽ ട്രോളുകൾ ഏറ്റുവാങ്ങി.
ഈ രണ്ടു സിനിമകൾക്കും ശേഷമാണ് തമിഴകത്തിന്റെ തലൈവരുടെ ചിത്രം പ്രദർശനത്തിനെത്തിയത്, ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ. അമിതാഭ് ബച്ചൻ, റാണ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയ വൻതാരനിര ഭാഗമായ സിനിമ ഈ മാസം 10 നായിരുന്നു റിലീസ് ചെയ്തത്. വലിയ പ്രതീക്ഷളോടെ എത്തിയ സിനിമ ബോക്സ്ഓഫീസിൽ തണുപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ആദ്യവാരം അവസാനിച്ചപ്പോൾ 122.15 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. രണ്ടാം വെള്ളിയാഴ്ചയായ ഇന്നലെ സിനിമ 2.65 കോടി രൂപ മാത്രമാണ് നേടിയത്. ഈ സാഹചര്യത്തിൽ ലൈക്ക രജനികാന്തിന് മുന്നിൽ പുതിയ നിബന്ധന വെച്ചതായുള്ള റിപ്പോർട്ടുകൾ പോലും വരുന്നുണ്ട്. വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.
അണിയറയില്‍ ഒരുങ്ങുന്ന അജിത്തിന്റെ വിടാമുയർച്ചി ഉൾപ്പടെ വലിയ ഹൈപ്പുള്ള പല സിനിമകളുടെയും റിലീസ് സംബന്ധിച്ച് തീരുമാനവുമായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ വിക്രമും ജയിലറും ലിയോയും ഉൾപ്പടെയുള്ള തമിഴ് സിനിമകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പണം വാരിയപ്പോൾ ഇ വർഷം ഒറ്റ സൂപ്പർതാര ചിത്രത്തിന് പോലും തിളങ്ങാനായില്ല.
ഈ വേളയിൽ സൂര്യ നായകനാകുന്ന കങ്കുവയിലാണ് എല്ലാവരുടെയും പ്രതീക്ഷ. സിരുത്തൈ ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ 14ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 350 കോടിയെന്ന വമ്പൻ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത് എന്നുതും ശ്രദ്ധേയമാണ്. വ്യത്യസ്തങ്ങളായ കാലഘട്ടങ്ങളിലായി മൂന്ന് ഗെറ്റപ്പുകളിലാണ് സൂര്യ സിനിമയിലെത്തുന്നത്. തമിഴകത്ത് നിന്നുള്ള ആദ്യ 1000 കോടി ചിത്രമാകും കങ്കുവ എന്നുപോലും പ്രതീക്ഷിക്കുന്നവരുണ്ട്. കങ്കുവ 2000 കോടി നേടുമെന്നാണ് നിർമ്മാതാവ് ജ്ഞാനവേൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. തമിഴ് ബോക്സ്ഓഫീസിന് കങ്കുവയിലൂടെ സൂര്യ രക്ഷകനാകുമോ എന്നറിയാൻ ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കണം.
Content Highlights: Kamal Haasan, Vijay, Rajinikanth movies failure in Box Office now Kollywood is looking forward to Kanguva