ഹിറ്റടിച്ച് ദുൽഖർ, സൂപ്പർതാര പദവിയിലേക്ക് ശിവകാർത്തികേയൻ; ദീപാവലി റിലീസുകളുടെ അഭിപ്രായങ്ങൾ ഇങ്ങനെ

ലക്കി ഭാസ്കറിൻ്റെ തിരക്കഥയ്ക്കും ദുൽഖറിന്റെ പ്രകടനത്തിനും വലിയ സ്വീകരണമാണ് തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

dot image

പല ഭാഷകളിൽ നിന്നായി അഞ്ച് സിനിമകളാണ് ദീപാവലി ആഘോഷത്തിനായി ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തമിഴിൽ നിന്ന് ശിവകാർത്തികേയന്റെ 'അമരൻ', ജയം രവി ചിത്രം 'ബ്രദർ', കവിൻ നായകനായ 'ബ്ലഡി ബെഗ്ഗർ' എന്നീ സിനിമകൾ റിലീസായി. ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത 'ലക്കി ഭാസ്കർ' തെലുങ്കിൽ നിന്ന് ദീപാവലി കളറാക്കാൻ എത്തിയപ്പോൾ കന്നടയിൽ നിന്ന് പ്രശാന്ത് നീലിന്റെ കഥയിലൊരുങ്ങിയ ആക്ഷൻ ചിത്രം 'ബഗീര'യും പ്രേക്ഷകർക്ക് മുന്നിലെത്തി. മിക്ക സിനിമകൾക്കും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം 'അമരൻ' ശിവകാർത്തികേയന്റെ കരിയറിലെ അടുത്ത സ്റ്റെപ്പ് ആണെന്നും മികച്ച കഥപറച്ചിലാണ് സിനിമയുടെ നെടുംതൂണെന്നുമാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കെട്ടുറപ്പുള്ള

തിരക്കഥയോടൊപ്പം ഏറ്റവും നല്ല രീതിയിലാണ് ചിത്രം സംവിധായകൻ രാജ്‌കുമാർ പെരിയസാമി ഒരുക്കിയിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, മലയാളി താരം ശ്യാം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് കവിൻ. നെൽസൺ നിർമിച്ച് കവിൻ നായകനാകുന്ന ബ്ലഡി ബെഗ്ഗറും മോശമല്ലാത്ത പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് സ്വന്തമാക്കുന്നത്. മികച്ച പ്രകടനമാണ് കവിൻ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നതെന്നും നെൽസൺ സ്റ്റൈലിൽ ഒരു ഡാർക്ക് കോമഡി പടമാണ് 'ബ്ലഡി ബെഗ്ഗർ' എന്നുമാണ് സിനിമക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. സംവിധായകൻ നെൽസൺ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ എം ശിവബാലൻ ആണ്.

എം രാജേഷ് സംവിധാനം ചെയ്ത് ജയം രവി നായകനായി എത്തുന്ന 'ബ്രദർ' എന്ന ചിത്രത്തിന് മോശം അഭിപ്രായമാണ് ലഭിക്കുന്നതിനാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സംവിധായകന്റെ മുൻ ചിത്രങ്ങളായ 'ഒരു കൽ ഒരു കണ്ണാടി', 'ബോസ് എങ്കിറ ഭാസ്കരൻ' എന്നിവയുടെ അതേ ഭാവത്തിലൊരുങ്ങിയ ചിത്രത്തിന് പക്ഷെ പ്രേക്ഷകരെ രസിപ്പിക്കാനായില്ല എന്നാണ് റിപ്പോർട്ട്. അതേസമയം ഹാരിസ് ജയരാജ് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധ നേടുന്നുണ്ട്.

ദുൽഖർ ചിത്രമായ 'ലക്കി ഭാസ്കർ' വളരെ മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും ദുൽഖറിന്റെ പ്രകടനത്തിനും വലിയ സ്വീകരണമാണ് തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നിരവധി ട്വിസ്റ്റുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന മൊമെന്റുകളും സിനിമയിൽ ഉണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. തെലുങ്ക് ഇൻഡസ്ട്രി ദുൽഖർ ഭരിക്കുമെന്നും പ്രതികരണങ്ങളുണ്ട്. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തിനും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രശാന്ത് നീലിന്റെ കഥയിൽ ഡോക്ടർ സൂരി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'ബഗീര'. ശ്രീമുരളിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'കെജിഎഫ്', 'കാന്താര' തുടങ്ങിയ സിനിമകൾ നിർമിച്ച ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ്ങും തിരക്കഥയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് എന്നാണ് അഭിപ്രായം.

Content Highlights: Amaran, Lucky Baskhar and other diwali releases receives positive reviews

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us