'അയാളും നമ്മളെ പോലെ ഒരു മനുഷ്യനല്ലേ?'; അന്ന് മോഹൻലാൽ എന്ന മനുഷ്യസ്നേഹിയെ ഞാൻ കണ്ടു: ആലപ്പി അഷ്റഫ്

ആലപ്പി അഷ്റഫ് ഒരു മാടപ്രാവിന്റെ കഥ എന്ന തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

dot image

സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ആലപ്പി അഷ്റഫ്. ഒരു മാടപ്രാവിന്റെ കഥ എന്ന തന്റെ ആദ്യ സംവിധാന- നിർമ്മാണ സംരംഭത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പ്രേം നസീർ, മമ്മൂട്ടി എന്നിവർ ഭാഗമായ സിനിമയിൽ മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സംഘട്ടന രംഗം ഉൾപ്പെടെ ചിത്രീകരിച്ച ആ സിനിമയിൽ നിന്ന് കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നു. ആ കഥാപാത്രത്തിന്റെ സംഘട്ടന രംഗവുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

'എന്റെ ആദ്യ സംവിധാന- നിർമ്മാണ ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. പ്രേംനസീർ നായകനായ ആ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരുന്നു, എന്നാൽ മോഹൻലാൽ സിനിമയിലില്ല! മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടായിരുന്നു, എന്നാൽ മമ്മൂട്ടിയുടെ ശബ്‌ദമല്ല ആ പടത്തിൽ. ഒരു വടക്കൻ വീരഗാഥയിൽ ഉൾപ്പടെ ഭാഗമായ മേക്കപ്പ് മാൻ ബാലകൃഷ്ണൻ എന്ന വ്യക്തിയാണ് ആ സിനിമയിൽ എന്റെ സഹായിയായി നിന്നത്. നസീർ സാറിനെയാണ് ഞങ്ങൾ നായകനായി തീരുമാനിച്ചത്. ഇന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റ് കിട്ടുന്നത് പോലെയാണ് അന്ന് നസീർ സാറിന്റെ ഡേറ്റ്. അന്നത്തെ അദ്ദേഹത്തിന്റെ ഉയർന്ന പ്രതിഫലം 75000 രൂപയാണ്. അദ്ദേഹമത് ഒരു ലക്ഷമാക്കി ഉയർത്തിയ സമയം കൂടി ആയിരുന്നു. അന്ന് ഒരു ലക്ഷം എന്നുപറഞ്ഞാൽ ഇന്നത്തെ കണക്കിൽ അഞ്ച് കോടിക്ക് തുല്യമാണ്. ഏറെ പ്രയാസപ്പെട്ട് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് നസീർ സാറിനെ കാണാൻ പോയി. 10 ദിവസത്തെ ഡേറ്റ് രണ്ട് ഷെഡ്യൂകളായി നസീർ സാർ എനിക്ക് തന്നു. നായികയായി സീമയേയും തീരുമാനിച്ചു. സീമയ്ക്ക് അന്ന് 35000 രൂപയാണ് പ്രതിഫലം. പിന്നീടാണ് മമ്മൂട്ടിയേയും മോഹൻലാലിനെയും കണ്ടത്,' ആലപ്പി അഷ്റഫ് പറയുന്നു.

മമ്മൂട്ടിക്ക് 25000 രൂപയായിരുന്നു പ്രതിഫലം. മോഹൻലാൽ ആകട്ടെ അണ്ണാ ഞാൻ വന്ന് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം വലിയ സിനിമകളിൽ വില്ലൻ വേഷം ചെയ്യുന്ന സമയമാണ് അത്. പിന്നീട് ഷൂട്ട് തുടങ്ങി. നസീർ സാറും മോഹൻലാലും ഉൾപ്പെടുന്ന ഒരു സംഘട്ടന രംഗം പ്ലാൻ ചെയ്തിരുന്നു. ഇരുവർക്കും ഡ്യൂപ്പുകളുണ്ട്. ആ രംഗത്തിന്റെ ചിത്രീകരണത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ലാലിന്റെ ഡ്യൂപ്പിനുള്ള ഡ്രസ് കോസ്‌റ്റ്യൂമർ തയ്യാറാക്കിയിരുന്നില്ല. ഫൈറ്റ് എടുക്കാൻ തുടങ്ങിയപ്പോഴാണ് ഈ വിവരം അറിഞ്ഞത്. ലാൽ പറഞ്ഞു, 'കുഴപ്പമില്ല, എന്റെ ഷ‌ർട്ട് തന്നെ ഡ്യൂപ്പിന് കൊടുത്തോളൂ.' ഡ്യൂപ്പ് ലാലിന്റെ ഷ‌ർട്ട് ധരിച്ച് ഫൈറ്റ് തുടങ്ങി. ഷൂട്ട് കഴിഞ്ഞപ്പോൾ വിയർപ്പ് മൂലം, ഷർട്ട് വെള്ളത്തിൽ കുതിർന്നത് പോലെയായി. ഷൂട്ട് നിന്നുപോകുമെന്ന അവസ്ഥയായി. അവിടെ മോഹൻലാൽ എന്ന മനുഷ്യസ്നേഹിയെ കണ്ടു. ആലപ്പി അഷറഫ് പറയുന്നു.

'സാരമില്ല അണ്ണാ, ഞാൻ ആ ഷർട്ട് ഇട്ടുകൊള്ളാം എന്ന് ലാൽ പറഞ്ഞു.അതിനിടെ ഒരാൾ ലാലിനോട് പറഞ്ഞു. ലാലേ അതാന്നും എടുത്തിടല്ലേ കുഴപ്പമാകും. ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു- അതിനെന്താ ആശാനേ, അയാളും നമ്മളെ പോലെ മനുഷ്യനല്ലേ. സാരമില്ല. നമുക്ക് ജോലി നടക്കണ്ടേ? ഫൈറ്റ്പൂർണമായും തീർത്തു. പക്ഷേ ഒടുവിൽ മറ്റു സീനുകൾ എടുക്കാൻ ലാലിന് സമയം ഇല്ലാതായി. ഗത്യന്തരം ഇല്ലാതെ ലാലിന്റെ അനുമതിയോട് കൂടി ആ കഥാപാത്രത്തെ സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു,' ആലപ്പി അഷ്റഫ് അനുഭവം പങ്കുവെച്ചത് ഇങ്ങനെ.

Content Highlights: Alleppey Ashraf shares an incident about Mohanlal in his old movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us