'എവിടെ ഫ്രെയിം വെച്ചാലും അവിടെ ഒരു മുള്ളുവേലി കാണാം!'; നരനിലെ വേലായുധന്റെ മുള്ളൻകൊല്ലിക്ക് പിന്നിലെ കഥ ഇത്

'നരന്റെ ഓരോ ഫ്രെയിമിലും ഒരു മുള്ളുവേലി കാണാം. അത് നമ്മൾ പ്രേക്ഷകരുടെ മനസ്സിൽ ഇടിച്ചു കയറ്റിയതാണ്'

dot image

മോഹൻലാൽ-ജോഷി കൂട്ടുകെട്ടിൽ വമ്പൻ വിജയം നേടിയ ചിത്രമാണ് നരൻ. മുള്ളൻകൊല്ലി എന്ന സാങ്കൽപിക ഗ്രാമവും ആ ഗ്രാമത്തിന്റെ കാവൽക്കാരനായ മുള്ളൻകൊല്ലി വേലായുധനും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. പൊള്ളാച്ചിയിലും പരിസരങ്ങളിലുമായാണ് മുള്ളൻകൊല്ലി എന്ന ഗ്രാമത്തെ സിനിമയുടെ അണിയറപ്രവർത്തകർ ഒരുക്കിയത്. ആ ഗ്രാമത്തെ ഒരുക്കി, അത് പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിച്ചതിന് പിന്നിലെ രസകരമായ കഥ റിപ്പോർട്ടറിനോട് പങ്കുവെക്കുകയാണ് കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ.

'രഞ്ജൻ പ്രമോദ് ഈ കഥ പറയുമ്പോൾ മുള്ളൻകൊല്ലി എന്നൊരു ഗ്രാമമുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. വയനാട് ഇതേപേരിൽ ഒരു ഗ്രാമമുണ്ട്. എന്നാൽ അത് ഈ കഥയിലേത് പോലെയല്ല. ഒരു ഗ്രാമം, അവിടെ അക്കരെ നിന്ന് ഇക്കരയിലേക്ക് വിളിച്ചാൽ വിളി കേൾക്കാൻ കഴിയുന്ന പുഴ, ഇങ്ങനെയാണ് മുള്ളൻകൊല്ലിയെക്കുറിച്ച് രഞ്ജൻ പ്രമോദ് എഴുതിയത്. അതിനായി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള പുഴകൾ പോയി കണ്ടു. എന്നാൽ കേരളത്തിലെ പുഴകൾക്ക് തീരങ്ങൾ കുറവാണ്. നമുക്ക് ഷൂട്ട് ചെയ്യുന്നതിന് തീരങ്ങൾ വേണം. അങ്ങനെയാണ് പൊള്ളാച്ചിയിലേക്ക് പോകുന്നത്. അവിടെയാണ് കടത്തുകടവവും ഒക്കെ സെറ്റ് ഇട്ടത്. ആ പുഴയുടെ അക്കരയിലേക്ക് പോകാൻ കഴിയില്ല. അവിടെ മുഴുവൻ കാടാണ്. അങ്ങനെ ഇക്കരയിൽ തന്നെയാണ് രണ്ടുവശവും സെറ്റ് ചെയ്‌തത്‌.

'മുള്ളൻകൊല്ലി എന്ന ഗ്രാമം ആളുകളുടെ മനസ്സിൽ കയറാൻ ഒരു സൈക്കോളജിക്കൽ പരിപാടി ചെയ്തിട്ടുണ്ട്. നമുക്ക് ഒരിടത്ത് കയറി ചെല്ലുമ്പോൾ അവിടെ ഡെറ്റോളിന്റെ ഗന്ധം കിട്ടിയാൽ ആശുപത്രിയുടെ ഫീൽ കിട്ടും. ഇപ്പോൾ ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ അവിടെ മുല്ലപ്പൂവിന്റെ ഗന്ധം കിട്ടിയാൽ ഒരു കല്യാണവീടാണ് എന്ന ഫീലിലേക്ക് നമ്മൾ എത്തും. അതുപോലെ പേരിനോട് ബന്ധമുള്ള എന്തെങ്കിലും കാണിക്കാൻ കഴിഞ്ഞാൽ അത് പെട്ടെന്ന് ആളുകളിലേക്ക് എത്തും. മുള്ളൻകൊല്ലി എന്ന പേര് കണക്ട് ചെയ്യുന്നതിന് ഞങ്ങൾ മുള്ളുവേലി ഉണ്ടാക്കി കൈയിൽ വെച്ചു. എവിടെ ഫ്രെയിം വെച്ചാലും അവിടെയെല്ലാം ഞങ്ങൾ മുള്ളുവേലി കൊണ്ടുപോയി വെക്കും. കഥയിൽ അങ്ങനെ എഴുതിയിട്ടില്ല, എന്നാലും പ്രേക്ഷകരുടെ കണ്ണിൽ ഒരു മുള്ള് ഇങ്ങനെ കിടക്കുന്നുണ്ടാകും. മുള്ളുവേലി എപ്പോഴും കാണുമ്പോൾ ഒന്നും പറയാതെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ മുള്ളൻകൊല്ലി എന്ന ഗ്രാമം രജിസ്റ്റർ ആകും. അങ്ങനെയാണ് മുള്ളൻകൊല്ലി എന്ന ഗ്രാമം ഒരുക്കിയത്. നരന്റെ ഓരോ ഫ്രെയിമിലും ഒരു മുള്ളുവേലി കാണാം. അത് നമ്മൾ പ്രേക്ഷകരുടെ മനസ്സിൽ ഇടിച്ചു കയറ്റിയതാണ്,' ജോസഫ് നെല്ലിക്കൽ വിശദീകരിച്ചു.

Content Highlights: Art Director Joseph Nellickal talks about making Naran movie shooting set

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us