ജെയിംസ് ബോണ്ട് പോലെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നെന്നും 'സിറ്റാഡൽ' ചിത്രത്തിലെ കഥാപാത്രം ഏറെക്കുറെ അതിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണെന്നും നടി സാമന്ത. നിരവധി നടിമാർ ഇപ്പോൾ ആക്ഷൻ സിനിമകൾ ചെയ്യുന്നുണ്ട്. ആലിയ ഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ്, അനുഷ്‍ക ഷെട്ടി തുടങ്ങിയവരുടെ ആക്ഷൻ സിനിമകൾ തനിക്ക് ഏറെ പ്രചോദനമായിട്ടുണ്ടെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത പറഞ്ഞു.
'എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ആക്ഷൻ പോലെയൊരു പുതിയ ഴോണർ കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിരവധി നടിമാരാണ് ഇപ്പോൾ ആക്ഷൻ ചെയ്യുന്നത്. ആലിയ ഭട്ട് ആക്ഷൻ ചെയ്യുന്നു, ദീപികയും കത്രീനയും ആക്ഷൻ ചെയ്തിട്ടുണ്ട്. ദിഷാ പഠാണി, കിയാരാ അദ്വാനി തുടങ്ങിയവരും ഇപ്പോൾ ആക്ഷനിലേക്ക് കടക്കുന്നുണ്ട്. ഒരു ഫീമെയിൽ ജെയിംസ് ബോണ്ട് കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹമുണ്ടായിരുന്നു. 'സിറ്റാഡൽ' അതിനോട് ഏറെക്കുറെ ചേർന്ന് നിൽക്കുന്ന ഒന്നാണ്', സാമന്ത പറഞ്ഞു.
'സിറ്റാഡല്‍: ഹണി ബണ്ണി'യിലെ സഹതാരമായ വരുണ്‍ ധവാനൊപ്പം ഒരു കോമഡി ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും താമസിയാതെ ചെയ്യുമെന്നും സാമന്ത പറഞ്ഞു. ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണ് 'സിറ്റാഡൽ ഹണി ബണ്ണി'. വരുൺ ധവാൻ, സാമന്ത എന്നിവരാണ് സീരിസിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് 'സിറ്റാഡൽ ഹണി ബണ്ണി' സ്ട്രീം ചെയ്യുന്നത്. പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്. സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: I always wanted to play a James Bond like character says Samantha