റിവ്യൂ ചെയ്തതിനല്ല, മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്തതുകൊണ്ടാണ് വിളിച്ചത്; റിവ്യൂവറെ വിളിച്ചതിൽ വിശദീകരണവുമായി ജോജു

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ജോജു വിശദീകരണവുമായി എത്തിയത്

dot image

പണി സിനിമയെ വിമർശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ്. സിനിമയെ റിവ്യു ചെയ്തതിനല്ല അയാളെ വിളിച്ചതെന്നും പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടായ ദേഷ്യവും പ്രയാസവും കൊണ്ടാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ജോജു വിശദീകരണവുമായി എത്തിയത്.

തന്റെ സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യു വന്നിട്ടുണ്ട് എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു 'സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം എന്നാൽ പക്ഷെ ഈ വ്യക്തി ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും പല വ്യക്തികളോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്, ഞാൻ അയാളെ വിളിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പുറത്ത് അല്ല. എന്റെ സിനിമ മോശമാണെങ്കിൽ മോശമാണെന്ന് പറയണം. പക്ഷേ ഒരേ കാര്യങ്ങൾ ഒരുപാട് സ്ഥലത്ത് വേണമെന്ന് വെച്ചു തന്നെ കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടു. അപ്പോൾ അയാളെ വിളിച്ച് സംസാരിക്കണമെന്ന് കരുതി തന്നെയാണ് വിളിച്ചത്. അതിൽ സംസാരിച്ചത് ഞാൻ തന്നെയാണ്' എന്നായിരുന്നു ജോജു പറഞ്ഞത്.

'എനിക്ക് ഇദ്ദേഹത്തിനെ അറിയുക പോലുമില്ല. വ്യക്തിപരമായി വൈരാഗ്യം തോന്നാൻ എനിക്ക് മുൻപരിചയമൊന്നുമില്ല. എന്നോട് കരുതികൂട്ടി ഇത്തരമൊരു കാര്യം ചെയ്യുന്നത് കാണുമ്പോൾ ഉള്ള ദേഷ്യവും പ്രയാസുമെല്ലാം എനിക്ക് തോന്നുന്നുണ്ട്. അത് ഞാൻ റിയാക്ട് ചെയ്യും. കാരണം അത് എന്റെ ജീവിതമാണ്. അത് പ്രേക്ഷകരോടുള്ള ധാർഷ്ട്യമോ ഒന്നുമല്ല, ഇങ്ങനെ ഉപദ്രവിക്കുമ്പോ പ്രതികരിച്ചതാണ്. ഇവിടുത്തെ ഒരു റിവ്യൂവറും ഇത്തരത്തിൽ സ്‌പോയിലർ ഇടാറില്ല. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സ്‌പോയിലറായി പറഞ്ഞിരിക്കുന്നത്' എന്നും ജോജു പറഞ്ഞു.

ഈ സിനിമ സജസ്റ്റ് ചെയ്യില്ല കാണരുത് എന്നൊക്കെയാണ് അയാൾ എല്ലായിടത്തും കമന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ ഞാൻ വിളിച്ചതാണ് പക്ഷേ അദ്ദേഹം ചെയ്തതിന്റെ ഉത്തരം എനിക്ക് ലഭിച്ചിട്ടില്ല. അത് എനിക്ക് കിട്ടണം അതിനെ ഞാൻ നിയമപരമായി നേരിടും എന്നും ജോജു പറഞ്ഞു.

തനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടെന്നും എന്നാൽ സിനിമയെ ആക്രമിക്കുമ്പോൾ അത് തന്റേത് മാത്രമല്ലെന്നും അത് ഒരുപാട് പേരുടെ കൂടിയാണെന്നും ജോജു പറഞ്ഞു. ഇത്രയധികം പേജുകളിൽ ഇത്രയധികം ഗ്രൂപ്പുകളിൽ കോപ്പി പേസ്റ്റ് ചെയ്തുകൊണ്ടാണ് അയാളെ വിളച്ചത്. ഹെൽത്തി ഡിസ്‌ക്കഷന്‍ എന്ന രീതിയിലാണ് സംസാരിച്ച് തുടങ്ങിയതെന്നും ജോജു വിശദീകരിച്ചു.

താൻ എല്ലാ റിവ്യുകളും കാണാറുണ്ട്, സിനിമ വിദ്യാർത്ഥി എന്ന നിലയിൽ അത് തനിക്ക് പഠിക്കണം, എന്റെ തെറ്റുകൾ മനസിലാക്കാനും പഠിക്കാനും വേണ്ടിയാണത്. എന്തെങ്കിലും കാണിച്ച് കൂട്ടാനോ തെളിയിക്കാനോ നേടാനോ ഒന്നുമല്ലെന്നും ജോജു പറയുന്നു.

കഴിഞ്ഞ ദിവസമാണ് പണി സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ റിവ്യു പങ്കുവെച്ച യുവാവിനെ ജോജു ജോർജ് ഫോണിൽ വിളിച്ചത്. ആദർശ് എച്ച് എസ് എന്ന യുവാവിനെയായിരുന്നു ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിനിമയിലെ റേപ്പ് സീനിനെ കുറിച്ചായിരുന്നു ആദർശിന്റെ പോസ്റ്റ്. കോടികളുടെ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നും ജോജു ഫോണിലൂടെ ആദർശിനോട് ചോദിക്കുന്നതിന്റെ ഓഡിയോ ആദർശ് പുറത്തുവിട്ടിരുന്നു.

Content Highlights: Pani Movie Actor and Director Joju George explanation for calling the Film reviewer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us