ഡെന്നിസ് വില്ലെന്യൂവിന്റെ ഡ്യൂൺ ഫ്രാഞ്ചൈസിക്ക് ലോകമെമ്പാടും വലിയ ആരാധകരാണുള്ളത്. എന്നാൽ ആ ആരാധകവൃന്ദത്തിൽ താൻ ഇല്ലെന്നും ഡ്യൂൺ സിനിമകൾ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്വന്റിൻ ടാരന്റിനോ. ഡേവിഡ് ലിഞ്ചിന്റെ ഡ്യൂൺ താൻ കണ്ടതാണ്. റീമേക്കുകൾ കാണാൻ താല്പര്യമില്ലെന്നും അദ്ദേഹം ഒരു പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'ഞാൻ (ഡേവിഡ് ലിഞ്ചിന്റെ) ഡ്യൂൺ പലതവണ കണ്ടതാണ്. വീണ്ടും അതേ കഥ കാണുന്നതിന് ആഗ്രഹിക്കുന്നില്ല. ഒന്നിനുപുറകെ ഒന്നായി റീമേക്കുകൾ വന്നുകൊണ്ടിരിക്കുകയാണ്. 'നിങ്ങൾ ഡ്യൂൺ കണ്ടിട്ടുണ്ടോ?' 'നിങ്ങൾ റിപ്ലേ കണ്ടിട്ടുണ്ടോ?' 'നിങ്ങൾ ഷോഗൺ കണ്ടിട്ടുണ്ടോ?' എന്നൊക്കെ ആളുകൾ ചോദിക്കുന്നു. റിപ്ലേയുടെ ആറോ ഏഴോ പുസ്തകങ്ങളുണ്ട്. അതിൽ ഒരെണ്ണം ചെയ്യുന്നെങ്കിൽ രണ്ടുതവണ ചെയ്ത അതേ വർക്ക് വീണ്ടും തിരഞ്ഞെടുക്കുന്നത് എന്തിന്? ഞാൻ ഡ്യൂൺ മുമ്പ് രണ്ട് തവണ കണ്ടിട്ടുണ്ട്, അത് രണ്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനാൽ ഇത് മൂന്നാമതും കാണാൻ എനിക്ക് താൽപ്പര്യമില്ല. നിങ്ങൾ മറ്റൊരു കഥ ചെയ്താൽ, അത് കാണാം,' ക്വന്റിൻ ടാരന്റിനോ പറഞ്ഞു.
ഡെന്നിസ് വില്ലെന്യൂവിന്റെ സംവിധാനത്തിൽ ഡ്യൂൺ രണ്ട് ഭാഗങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. 2021 കൊവിഡ് കാലത്ത് പുറത്തിറങ്ങിയ ഡ്യൂൺ ആദ്യഭാഗം ആഗോളതലത്തിൽ 400 മില്യണിലധികം ഡോളറുകളാണ് നേടിയത്. ഈ വർഷമാണ് ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമായ ഡ്യൂൺ 2 റിലീസ് ചെയ്തത്. ആഗോളതലത്തിൽ സിനിമ 714 മില്യണാണ് നേടിയത്.
ഡ്യൂണിന്‍റെ പ്രീക്വലായി ഒരു സീരീസും റിലീസിന് ഒരുങ്ങുന്നുണ്ട്. ഡ്യൂണ്‍: പ്രൊഫെസി എന്ന് പേരിട്ടിരിക്കുന്ന എച്ച്ബിഒ മാക്സിന്‍റെ ഒറിജിനല്‍ സീരിസില്‍ ഇന്ത്യൻ താരം തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിസ്റ്റർ ഫ്രാൻസെസ്ക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
Content Highlights: Quentin Tarantino refuses to watch Denis Villeneuve's Dune films