ലക്കി ഭാസ്കർ കാണാത്തവരോട്, ഞങ്ങൾ തിയേറ്ററിലുണ്ട്... കുറച്ച് സമയം അവിടെ കാണും: ദുൽഖ‍ർ

'തെലുങ്ക് പ്രേക്ഷകരുമായി എനിക്ക് എന്തോ ദൈവീകമായ ബന്ധമുണ്ട്. അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല'

dot image

ലക്കി ഭാസ്കറിന്റെ വിജയത്തിന് പിന്നാലെ തന്റെ തെലുങ്ക് സിനിമ കരിയറിനെക്കുറിച്ച് സംസാരിച്ച് നടൻ ദുൽഖർ സൽമാൻ. തെലുങ്ക് പ്രേക്ഷകരുമായി തനിക്ക് ദെെവീകമായ ഒരു ബന്ധമുണ്ട്. അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല. മഹാനടിയുടെ കഥയുമായി സംവിധായകൻ നാഗ് അശ്വിൻ വന്ന സമയത്ത് തനിക്ക് തെലുങ്ക് അറിയില്ല. എന്നാൽ ആ സിനിമ ചെയ്യുന്നതിന് കാരണം നാഗ് അശ്വിനോടും നിർമ്മാതാവ് സ്വപ്ന ദത്തിനോടുമുള്ള വിശ്വാസമാണെന്നും നടൻ പറഞ്ഞു. ഹൈദരാബാദിൽ നടന്ന ലക്കി ഭാസ്കറിന്റെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.

'തെലുങ്ക് പ്രേക്ഷകരുമായി എനിക്ക് എന്തോ ദൈവീകമായ ബന്ധമുണ്ട്. അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. മഹാനടിയുടെ കഥയുമായി നാഗ് അശ്വിൻ എന്റെയടുത്തേക്ക് വരുമ്പോൾ എനിക്ക് തെലുങ്ക് അറിയില്ല. അതിനാൽ തെലുങ്കിൽ ഒരു സിനിമ ചെയ്യുന്നതിന് എനിക്ക് ഭയമുണ്ടായിരുന്നു. ഞാൻ ഇവിടെ നിൽക്കുന്നതിന് കാരണം നാഗ് അശ്വിനും സ്വപ്ന ദത്തുമാണ്. അവർക്ക് എന്നിൽ വളരെ ക്രേസിയായ ഒരു വിശ്വാസമുണ്ടായിരുന്നു. അവർ എപ്പോഴും അങ്ങനെയാണ്, അവർക്ക് എന്തും ചെയ്യാൻ കഴിയും. 2098 ന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യണം എന്ന് കരുതിയാൽ അവർ അത് ചെയ്യും. സിനിമയിൽ എന്തും നടക്കുമെന്ന് വിശ്വസിക്കുന്നവരാണ് അവർ. മലയാളത്തിൽ നിന്നൊരു നടൻ വന്നു തെലുങ്ക് സിനിമയിൽ ജെമിനി ഗണേശനായി അഭിനയിക്കാം എന്ന് അവർ വിശ്വസിച്ചു. അതിനാൽ തന്നെ ഞാനും അത് വിശ്വസിച്ചു,' എന്ന് ദുൽഖർ പറഞ്ഞു.

അതിന് ശേഷം സീതാരാമം എന്ന സിനിമ ചെയ്തു. കരിയറിലെ തന്നെ എന്നും ഓർമ്മിക്കപ്പെടുന്ന സിനിമയാണ് അത് എന്നും നടൻ പറഞ്ഞു. 'ഇപ്പോൾ വെങ്കി അറ്റ്‌ലൂരിക്കൊപ്പം ഒരു സിനിമ… വെങ്കിയെ കണ്ടാൽ ഒരു കൊച്ചു പയ്യനെ പോലെയാണ്. ഈ പയ്യനാണ് ഈ സിനിമ സംവിധാനം ചെയ്തത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് എന്റെ വാപ്പച്ചി ഒരിക്കൽ പറഞ്ഞു. വെങ്കിയെ കണ്ടാൽ ഒരു സംവിധായകനാണെന്ന് ആരും പറയില്ല,' എന്ന് ദുൽഖർ പറഞ്ഞു.

മഹാനടിക്കും സീതാരാമത്തിനും ലക്കി ഭാസ്കറിനും മുന്നേ നാഗ് അശ്വിന്റെയോ ഹനു രാഘവപുടിയുടെയോ വെങ്കിയുടെയോ സിനിമകൾ താൻ കണ്ടിട്ടില്ലെന്നും അവരെ താൻ വിശ്വസിക്കുകയായിരുന്നു എന്നും ദുൽഖർ പറഞ്ഞു. മികച്ചത് എന്തെങ്കിലും ഒരുക്കുന്നതിനായി നല്ല മനുഷ്യർ ഒന്നിക്കുമ്പോൾ അവിടെ ബ്ലോക്ക്ബസ്റ്ററോ അവാർഡുകളോ ഒന്നും പ്രസക്തമല്ല. പ്രേക്ഷരരെ ബഹുമാനിക്കുന്ന മികച്ച സിനിമകൾ ചെയ്‌താൽ പരാജയപ്പെടില്ല എന്ന് താൻ വിശ്വസിക്കുന്നു എന്നും നടൻ അഭിപ്രായപ്പെട്ടു. ലക്കി ഭാസ്കറിനെ സ്വീകരിച്ച പ്രേക്ഷകരോടും ആ സിനിമയുടെ ഭാഗമായ അണിയറപ്രവർത്തകരോടും നന്ദി പറഞ്ഞ ദുൽഖർ 'ഇതുവരെ ലക്കി ഭാസ്കർ കാണാത്തവരോട്, ഞങ്ങൾ തിയേറ്ററിലുണ്ട്, ഞങ്ങൾ കുറച്ച് സമയം അവിടെ കാണും' എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Content Highlights: Dulquer Salmaan talks his telugu movie career and Lucky Bhaskar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us