ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് 'ലക്കി ഭാസ്കർ'. ഒക്ടോബർ 31 ന് റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 36 കോടിയോളമാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. 'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാൽ ലക്കി ഭാസ്കറിൽ ആദ്യം നായകനായി തീരുമാനിച്ചത് ദുൽഖറിന് പകരം മറ്റൊരു നടനെയായിരുന്നു.
തെലുങ്ക് നടൻ നാനിയെ ആയിരുന്നു ആദ്യം ഭാസ്കർ എന്ന കഥാപാത്രത്തിലേക്കായി പരിഗണിച്ചിരുന്നതെന്നും എന്നാൽ ചില കാരണങ്ങളാൽ അത് ദുൽഖറിലേക്ക് എത്തുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. 'ജേഴ്സി', 'സൂര്യാസ് സാറ്റർഡേ' എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് നാനി. ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കിയ 'വാത്തി'യും ആദ്യം നാഗചൈതന്യയെ നായകനാക്കി ആയിരുന്നു പദ്ധതിയിട്ടതെന്നും വാർത്തകളുണ്ട്.
Do You Know That
— CineCorn.Com By YoungMantra (@cinecorndotcom) November 2, 2024
Venky Atluri first narrated #SIR & #LUCKYBHASKAR both stories to #NagaChaitanya and #Nani.
But, due to many reasons these projects did not work out with those stars.
Later, #VenkyAtluri got these projects working with Danush & Dulquer
Both of them scored… pic.twitter.com/Cb2cUQw8Ru
തമിഴിലും തെലുങ്കിലുമായി ഒരേ സമയം പുറത്തിറങ്ങിയ ചിത്രമായിരുന്നു 'വാത്തി'. 'സാർ' എന്നായിരുന്നു ചിത്രത്തിന്റെ തെലുങ്ക് വേർഷന്റെ പേര്. സംയുക്ത, സമുദ്രക്കനി, സായി കുമാർ, തനിക്കെല്ല ഭരണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മികച്ച അഭിപ്രായം നേടിയ ചിത്രം 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരുന്നു. സിത്താര എൻ്റർടെയ്ൻമെൻ്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചത്.
അതേസമയം വലിയ നേട്ടമാണ് ദുൽഖർ ചിത്രം 'ലക്കി ഭാസ്കർ' ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. തെലുങ്ക് തമിഴ് കൂടാതെ ചിത്രത്തിന്റെ മലയാളം വേർഷനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം കേരളത്തിൽ നിന്ന് ചിത്രം 2 കോടിയാണ് നേടിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത് . 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Content Highlights : Nani was first considered for the role of bhaskar in Lucky Bhaskar instead of Dulquer