വിജയ് ചിത്രം ദി ഗോട്ട്, ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മീനാക്ഷി ചൗധരി. നിരവധി സിനിമകളാണ് ഇനി മീനാക്ഷിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. വിജയ്, മഹേഷ് ബാബു, ദുൽഖർ സൽമാൻ തുടങ്ങി നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് നടന്മാരെയും ഒന്നിപ്പിക്കുന്ന ഒരു പൊതു സ്വഭാവം വിനയം ആണെന്നും അവരിൽ നിന്നെല്ലാം താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞു.
'മൂന്ന് പേർക്കും ഉള്ളൊരു ഒരു പൊതു സ്വഭാവം വിനയം ആണ്. വിജയ് സാറിന്റെ കൃത്യനിഷ്ഠ അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ കോൾ സമയം 8 ആണെങ്കിൽ, കൂടി അദ്ദേഹം 7:55 ന് സെറ്റിലെത്തും. മഹേഷ് ബാബു സാർ സ്ക്രീനിൽ വളരെ സ്വാഭാവികമാണ്, അദ്ദേഹത്തിന് അടിസ്ഥാനപരമായ നിർദ്ദേശങ്ങൾ മാത്രമേ ആവശ്യമുള്ളൂ. കൂടാതെ അദ്ദേഹം പ്രകടനത്തിൽ തൻ്റേതായ മാജിക് ചേർക്കും. മറുവശത്ത്, ദുൽഖറിന്റെ മാതൃഭാഷ തെലുങ്ക് അല്ലാത്തതിനാൽ അദ്ദേഹം അതിനായി നന്നായി തയ്യാറെടുക്കും. അവരിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു', മീനാക്ഷി ചൗധരി പറഞ്ഞു.
വിജയ്ക്കൊപ്പം ദി ഗോട്ടിലും, മഹേഷ് ബാബുവിനൊപ്പം ഗുണ്ടൂർ കാരം, ദുൽഖറിനൊപ്പം ലക്കി ഭാസ്കർ തുടങ്ങിയ സിനിമകളിലാണ് മീനാക്ഷി അഭിനയിച്ചത്. ലക്കി ഭാസ്കർ ആണ് മീനാക്ഷിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 39 കോടിയോളമാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. തെലുങ്ക് തമിഴ് കൂടാതെ ചിത്രത്തിന്റെ മലയാളം വേർഷനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വരുൺ തേജ് നായകനാകുന്ന പീരീഡ് ആക്ഷൻ ചിത്രം മട്ക്ക, വിശ്വക് സെൻ നായകനാകുന്ന മെക്കാനിക് റോക്കി എന്നീ തെലുങ്ക് ചിത്രങ്ങളാണ് ഇനി മീനാക്ഷിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.
Content Highlights : Humility is common among Mahesh babu, Vijay and Dulquer Salmaan