രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് 'സിങ്കം എഗെയ്ൻ'. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, രൺവീർ സിങ്, ദീപിക പദുകോൺ തുടങ്ങിയ വലിയ താരനിര ഭാഗമായ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അടിമുടി സൂപ്പർസ്റ്റാറുകൾ നിറഞ്ഞു നിന്ന സിനിമയ്ക്കായി ഓരോ താരങ്ങളും വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബജ്റാവോ സിങ്കം എന്ന നായക കഥാപാത്രത്തിനായി അജയ് ദേവ്ഗൺ 35 കോടി പ്രതിഫലം വാങ്ങിയതായാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔറോൺ മേ കഹൻ ദം ഥാ, മൈതാൻ എന്നീ മുൻസിനിമകളേക്കാൾ 40 ശതമാനം വർധനയാണ് നടൻ സിങ്കം എഗെയ്നിൽ വരുത്തിയിരിക്കുന്നത്. സൂര്യവംശി എന്ന കഥാപാത്രമായെത്തിയ നടൻ അക്ഷയ് കുമാറിനും വലിയ പ്രതിഫലം തന്നെ ലഭിച്ചിട്ടുണ്ട്. തൻ്റെ വേഷത്തിന് 20 കോടി രൂപയാണ് അക്ഷയ് വാങ്ങിയത്.
ഇവർ രണ്ടുപേർക്കും ശേഷം സിങ്കം എഗെയ്നിൽ ഏറ്റവും അധികം പ്രതിഫലം ലഭിച്ച താരങ്ങൾ കരീന കപൂറും രൺവീർ സിങ്ങുമാണ്. ചിത്രത്തിലെ നായിക കഥാപാത്രത്തിനായി കരീനയ്ക്കും സിംബ എന്ന കഥാപാത്രത്തിനായി രൺവീറിനും 10 കോടി രൂപ വീതമാണ് ലഭിച്ചത്.
സിനിമയിലെ വില്ലൻ കഥാപാത്രത്തിനായി അർജുൻ കപൂറിന് ലഭിച്ചത് ആറ് കോടി രൂപയാണ്. 'ലേഡി സിങ്കം' എന്ന് വിളിപ്പേരുള്ള ശക്തിയാകുന്നതിന് ദീപിക പദുകോൺ വാങ്ങിയത് ആറ് കോടിയാണ്. തന്റെ കഥാപാത്രത്തിനായി ടൈഗർ ഷ്രോഫിന് മൂന്ന് കോടിയാണ് പ്രതിഫലമായി ലഭിച്ചത് എന്നും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സിങ്കം എഗെയ്ൻ ഇതിനകം ആഗോളതലത്തിൽ 125 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യദിനത്തിൽ മാത്രം 86 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തിൽ സിനിമ 42.5 കോടിയിലധികം രൂപ സ്വന്തമാക്കി കഴിഞ്ഞു.
Content Highlights: Singham Again stars remuneration out