മോഹൻലാലിന്റെ നായികയായി തുടക്കം, സിനിമ മുടങ്ങി, കരാർ ഒപ്പിട്ട ചിത്രങ്ങൾ കയ്യിൽ നിന്ന് പോയി; വിദ്യ ബാലൻ

'ആത്മവിശ്വാസം വളരെ കുറഞ്ഞുപോയി ആ സമയത്ത്. പക്ഷെ അങ്ങനെ സംഭവിച്ചതിൽ ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്'

dot image

ബോളിവുഡിൽ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് വിദ്യ ബാലൻ. മലയാളിയായിട്ടും ഉറുമി മാത്രമാണ് നടി അഭിനയിച്ച് സ്ക്രീനില്‍ എത്തിയ ഒരേയൊരു മലയാള സിനിമ. എന്നാല്‍ വിദ്യ ബാലന്‍ അഭിനയം തുടങ്ങിയത് മലയാളത്തിലായിരുന്നു,

മോഹലാലിനൊപ്പം 'ചക്രം' എന്ന സിനിമയിലായിരുന്നു ഇത്. എന്നാല്‍, പിന്നീട് ഈ സിനിമ മുടങ്ങി പോകുകയായിരുന്നു. ഇതോടെ കരാർ ഒപ്പിട്ടിരുന്ന മലയാള ചിത്രങ്ങളിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്ന് പറയുകയാണ് വിദ്യ ബാലൻ. ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമ ഒരു മലയാള ചിത്രമായിരുന്നു. എന്നാൽ സിനിമ പകുതിക്ക് വെച്ച് ഉപേക്ഷിക്കേണ്ടതായി വന്നു. ചക്രം എന്നായിരുന്നു സിനിമയുടെ പേര്. മോഹൻലാൽ ആയിരുന്നു അതിലെ നായകൻ. ബോംബെയിൽ തിരിച്ചെത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ച വിവരം അറിയുന്നത്. ആ സിനിമ ഉപേക്ഷിച്ചതുകൊണ്ട് ആ സമയത്ത് കരാർ എഴുതിയിരുന്ന മറ്റ് മലയാള സിനിമകളിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തി. കഠിനമായ 3 വർഷങ്ങളാണ് പിന്നീടുണ്ടായത്. കഴിക്കാൻ ഉദ്ദേശിച്ച ഭക്ഷണം ആരോ തട്ടിപ്പറിക്കുന്ന പോലെയായിരുന്നു സംഭവിച്ചത്.

ആത്മവിശ്വാസം വളരെ കുറഞ്ഞുപോയി ആ സമയത്ത്. പക്ഷെ അങ്ങനെ സംഭവിച്ചതിൽ ഇപ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും, ഇപ്പോഴുള്ള എന്നെ ഞാൻ ആക്കിത്തീർത്തത് ആ സംഭവങ്ങളാണ്. എന്റെ വിശ്വാസങ്ങളെയാണ് ആ സംഭവങ്ങൾ പരീക്ഷിച്ചത്. ഒരു നടി ആകുക എന്നുള്ള എന്റെ ആഗ്രഹത്തെയാണ് അതെല്ലാം ചോദ്യം ചെയ്തത്,' വിദ്യ ബാലൻ പറഞ്ഞു.

കാർത്തിക് ആര്യൻ നായകനാകുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ മഞ്ജുളിക എന്ന കഥാപാത്രമായിട്ടാണ് വിദ്യയെത്തുന്നത്. ഭൂൽ ഭുലയ്യ ആദ്യ ഭാഗത്തിലും ഒരു പ്രധാന വേഷത്തിൽ വിദ്യ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Content Highlights: vidhya balan about her first malayalam film

dot image
To advertise here,contact us
dot image