രജിനികാന്ത്-മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു 'ദളപതി'. സിനിമയുടെ റീമേക് ഉണ്ടാകുമ്പോൾ മമ്മൂട്ടിയുടെ റോള്‍ ദുല്‍ഖറിന് കിട്ടിയാല്‍ രജിനികാന്തിന്റെ റോള്‍ ആര് ചെയ്യണമെന്ന ചോദ്യത്തിനുള്ള ദുൽഖറിന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലക്കി ഭാസ്കർ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ദളപതി എന്നത് എക്കാലത്തെയും ക്ലാസിക് സിനിമയാണ്. വാപ്പച്ചി ചെയ്തുവെച്ചത് പോലെയൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല. ആ സിനിമ റീമേക്ക് ചെയ്യുമ്പോള്‍ വാപ്പച്ചിയുടെ റോള്‍ എനിക്ക് കിട്ടിയാല്‍ സന്തോഷം തന്നെ. രജിനി സാര്‍ ചെയ്ത ദേവ എന്ന കഥാപാത്രത്തിലേക്ക് ഞാന്‍ സജസ്റ്റ് ചെയ്യുക റാണാ ദഗ്ഗുബട്ടിയുടെ പേരായിരിക്കും. റാണയുമായി വര്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്.
പല സിനിമകളിലും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് നമ്മളെയെല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എനിക്ക് വളരെയധികം ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് റാണ. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് എന്‍ജോയ് ചെയ്യാനാകും' ദുൽഖർ പറഞ്ഞു. തെലുങ്കിൽ അല്ലു അർജുനും എൻ ടി ആറും മികച്ച നടന്മാരാണെങ്കിലും ഞാൻ സജസ്റ്റ് ചെയ്യുക റാണെയെ ആയിരിക്കും എന്നും ദുൽഖർ കൂട്ടിച്ചേർത്തു.
1991 ലാണ് 'ദളപതി' തിയേറ്ററുകളിലെത്തുന്നത്. മഹാഭാരതകഥയിലെ കര്‍ണന്റെയും ദുര്യോധനനന്റെയും സൗഹൃദത്തെ പുതിയ കാലത്തിലേക്ക് അവതരിപ്പിക്കുകയായിരുന്നു മണിരത്നം സിനിമയിലൂടെ. സൂര്യ എന്ന കഥാപാത്രമായി രജിനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയും അണിനിരന്ന ചിത്രം അക്കാലത്തെ വന്‍ വിജയമായിരുന്നു.
അതേസമയം, വലിയ നേട്ടമാണ് ദുൽഖർ ചിത്രം 'ലക്കി ഭാസ്കർ' ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. തെലുങ്ക്, തമിഴ് കൂടാതെ ചിത്രത്തിന്റെ മലയാളം വേർഷനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം മാത്രം കേരളത്തിൽ നിന്ന് ചിത്രം 2 കോടിയാണ് നേടിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത് .
1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. സിതാര എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂണ്‍ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.
Content Highlights: Dulquer suggest Rana to play the role played Rajinikanth in Thalapathy movie remake