ശിവകാർത്തികേയൻ നായകനായെത്തിയ പുതിയ ചിത്രമാണ് അമരൻ. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ഒരു പ്രേക്ഷകൻ വികാരാധീനനാകുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ തിയേറ്ററിന് മുന്നിൽ വെച്ച് സംവിധായകൻ രാജ്‌കുമാർ പെരിയസാമിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നതാണ് വീഡിയോ. സംവിധായകനും ആ നിമിഷത്തിൽ വികാരാധീനനാകുന്നുണ്ട്. അതിനൊപ്പം പല പ്രേക്ഷകരും അദ്ദേഹത്തിന് കൈ കൊടുത്ത് അഭിനന്ദിക്കുന്നുമുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
#Amaran ipadi thaan ellarum aluthanga Rajkumar sir #SaiPallavi #Sivakarthikeyan𓃵 pic.twitter.com/m7DyJrMaL0
— Rathi (@Rathi56789) November 4, 2024
കഴിഞ്ഞ ദിവസം സിനിമയുടെ തെലുങ്ക് പതിപ്പ് കണ്ട ശേഷം അവിടുത്തെ പ്രേക്ഷകർ കരയുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'ഇതാണ് സിനിമയുടെ യഥാർത്ഥ വിജയം' എന്ന് ഒരാൾ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏറെ വൈകാരികമായ അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നും പ്രേക്ഷകർ പറയുന്നുണ്ട്.
അതേസമയം അമരൻ ആഗോളതലത്തിൽ 100 കോടിയിലധികം രൂപ നേടി തേരോട്ടം തുടരുകയാണ്. വളരെ ചെറിയ സമയം കൊണ്ടാണ് അമരൻ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ മൂന്നാമത്തെ 100 കോടി ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ കളക്ഷൻ ഇങ്ങനെ തന്നെ തുടർന്നാൽ ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ 200 കോടിയാകും അമരൻ എന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.
Content Highlights: Fan cried after watching Amaran and hugs filmmaker Rajkumar outside theater