2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല വർഷമായിരുന്നു. മികച്ച കണ്ടന്‍റുള്ള സിനിമകൾ ഉണ്ടായത് കൂടാതെ ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് മലയാള സിനിമ കാഴ്ചവെച്ചത്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മോളിവുഡ്.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ആദ്യ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരു മലയാള സിനിമ ഇടം നേടി. ചിദംബരത്തിന്‍റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഈ ചിത്രം. എട്ടാം സ്ഥാനത്താണ് ചിത്രമുള്ളത്. ഓർമാക്സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ഞുമ്മലിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 170 കോടി ആണ്.
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്. 2024ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളില്‍ പിന്നീട് വരുന്നത് ആടുജീവിതവും ആവേശവുമാണ്. എന്നാല്‍ ഇവ ഈ വര്‍ഷത്തെ ഇന്ത്യന്‍ സിനിമകളുടെ ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ല. ഓര്‍മാക്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്‍പത് മാസങ്ങളില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ വിഹിതം 12 ശതമാനമാണ്.
ഇന്ത്യന്‍ സിനിമ വിവിധ ഭാഷാ ചിത്രങ്ങളില്‍ നിന്ന് നേടിയ ആകെ നേടിയ കളക്ഷൻ 7949 കോടിയാണ്. ഇതില്‍ 37 ശതമാനവും ബോളിവുഡില്‍ നിന്നാണ്. തെലുങ്ക് 21 ശതമാനവും തമിഴ് 15 ശതമാനവുമാണ് ഭാഗഭാഗായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പ്രഭാസ് നായകനായ 'കല്‍ക്കി 2898 എഡി'യാണ്. 776 കോടിയാണ് ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍. രണ്ടാം സ്ഥാനത്ത് ബോളിവുഡ് ചിത്രമായ സ്ത്രീ 2, മൂന്നാമത് ദേവര പാര്‍ട്ട് 1 എന്നിവയാണ്.
Content Highlights: manjummel Boys is one of the highest grossing Indian movies