ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡൽ ആണ് മലയാള സിനിമയെന്ന് നടൻ സൂര്യ. തന്റെ പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് കൂടുതലാക്കി പറയുകയാണെന്ന് വിചാരിക്കരുത്, ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാളം സിനിമ' എന്നായിരുന്നു സൂര്യ പറഞ്ഞത്.
നവംബർ പതിനാലിനാണ് സൂര്യയുടെ കങ്കുവ റിലീസ് ചെയ്യുന്നത്. കൊച്ചിയിൽ ചൊവ്വാഴ്ചയെത്തിയ സൂര്യ വൈകീട്ട് ലുലുമാളിൽ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാവിലെ കൊച്ചിയിൽ എത്തിയ സൂര്യയെ സ്വീകരിക്കാൻ നൂറ് കണക്കിന് പേരായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ നടൻ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. ലിയോ പോലെ കേരളത്തിലെ പരമാവധി സ്‌ക്രീനുകളിൽ കങ്കുവ എത്തിക്കാനാണ് ശ്രമമെന്ന് ഗോകുലം മൂവീസ് അറിയിച്ചിരുന്നു.
#Suriya at Kerala #Kanguva Pressmeet..⭐
— Laxmi Kanth (@iammoviebuff007) November 5, 2024
"Malayalam Film industry is the Role Model for Indian Film industry.." 🔥🤝pic.twitter.com/SgSOgHg5N1
കേരളം, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കങ്കുവയുടെ ആദ്യ ഷോ നാല് മണി മുതൽ ആരംഭിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് കങ്കുവ നിർമിക്കുന്നത്.
രണ്ട് കാലഘട്ടത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളായിട്ടാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Content Highlights: Kanguva Actor Surya Says Malayalam Film industry is the Role Model for Indian Film industry