ഇന്‍ക്ലൂസീവാണെന്ന് പുറത്ത് പറയും, പക്ഷെ സിനിമയില്‍ അവസരം തരില്ല; വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് 'ജവാന്‍' താരം

"അഭിനയത്തെ പുകഴ്ത്തിയ ആള്‍ തന്നെ ടെലിവിഷനില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സിനിമയില്‍ അവസരം തരാതിരിക്കും"

dot image

ടെലിവിഷന്‍ താരങ്ങള്‍ക്ക് സിനിമാമേഖലയില്‍ നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി റിഥി ദോഗ്ര. അഭിനയത്തെ പുകഴ്ത്തുമെങ്കിലും സിനിമയില്‍ അവസരം തരാന്‍ മടിയാണെന്നാണ് റിഥി ദോഗ്ര പറഞ്ഞത്.

സബര്‍മതി എക്‌സ്പ്രസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു റിഥി. നേരത്തെ ജവാന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍ കഥാപാത്രത്തിന്റെ വളര്‍ത്തമ്മയുടെ വേഷത്തിലെത്തിയ നടിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സിനിമാക്കാര്‍ ഇന്‍ക്ലൂസീവാണെന്ന് പറയുന്നത് വെറും വാക്കില്‍ മാത്രം ഒതുങ്ങുന്ന കാര്യമാണെന്നും റിഥി പറഞ്ഞു.

'ആരും നിങ്ങളുടെ മുഖത്ത് നോക്കി ഒന്നും പറയില്ല. കാരണം 'ഞങ്ങള്‍ ഇന്‍ക്ലൂസീവാണ്' എന്നാണല്ലോ ഇവര്‍ പറയുന്നത്. അഭിനയം നല്ലതാണെന്നൊക്കെ പറയും. പക്ഷെ സിനിമയില്‍ അവസരം തരില്ല. അഭിനയത്തെ കുറിച്ച് പുകഴ്ത്തിയ ആള്‍ തന്നെ ടെലിവിഷനില്‍ അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് സിനിമയില്‍ അവസരം തരാതിരിക്കും,' റിഥി പറഞ്ഞു.

ഇത്തരം അനുഭവങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും റിഥി പറഞ്ഞു. എന്നാല്‍ ടെലിവിഷന്‍ പശ്ചാത്തലമുള്ള അഭിനേതാക്കളെ കുറിച്ച് മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്താത്തവരുണ്ടെന്നും നടി ചൂണ്ടിക്കാണിച്ചു. ജവാന്‍ സംവിധായകന്‍ അറ്റ്‌ലീയോട് ഏറെ നന്ദിയുണ്ടെന്നും റിഥി പറഞ്ഞു.

സബര്‍മതി എക്സ്പ്രസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രാന്ത് മാസെയും റിഥിയുടെ അഭിപ്രായങ്ങളെ ശരിവെച്ചു സംസാരിച്ചു. ഒപ്പം, കാലം മാറിവരികയാണെന്നും കഴിവ് മാനദണ്ഡമാകുന്ന നാളുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഥി ദോഗ്ര,വിക്രാന്ത് മാസെ എന്നിവര്‍ക്കൊപ്പം റാഷി ഖന്നയും സബര്‍മതി എക്‌സ്പ്രസില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബര്‍ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlights: Jawan movie actress Ridhi Dogra opens up about discrimination against TV actors in bollywood

dot image
To advertise here,contact us
dot image