ഉലകനായകന്‍ കമല്‍ ഹാസന്റെ 70ാം ജന്മദിനമാണിന്ന്. സിനിമയുടെ സര്‍വമേഖലകളിലും കഴിവ് തെളിയിക്കുകയും പരീക്ഷണങ്ങളിലൂടെ പുതുവഴി വെട്ടുകയും ചെയ്ത കമല്‍ ഹാസന്‍ വിവിധ ഭാഷകളില്‍ തിളങ്ങിയ താരം കൂടിയാണ്.
സൗത്ത് ഇന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും നടന്‍ അഭിനയത്തിന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരേസമയം മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും കമല്‍ ഹാസന് ആരാധകരുണ്ടായിരുന്നു. അഭിനേതാവ് എന്ന നിലയിലും താരമെന്ന നിലയിലും വിവിധ ഇന്‍ഡസ്ട്രികളില്‍ കമല്‍ ഹാസനുണ്ടായിരുന്ന ഈ സ്വീകാര്യതയുടെ ഉത്തമ ഉദാഹരണമെന്ന് വിളിക്കാവുന്ന ഒരു സംഭവമാണ് ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.
വിക്രത്തെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2005ല്‍ പുറത്തിറങ്ങിയ അന്യന്‍ എന്ന ചിത്രം സൂപ്പര്‍ഹിറ്റായതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ മൊഴിമാറ്റി എത്തിയിരുന്നു. ക്ലൈമാക്‌സിനോട് അടുത്ത് അന്യന്‍-അമ്പി-റെമോ എന്നീ വ്യക്തിത്വങ്ങളിലേക്ക് കേന്ദ്രകഥാപാത്രം മാറിമാറിയുന്ന ഒരു സീനുണ്ട്. ഇത് കണ്ട് പ്രകാശ് രാജിന്റെ പൊലീസ് കഥാപാത്രം പറയുന്ന ഡയലോഗിന്റെ വിവിധ വേര്‍ഷനുകളാണ് ഇപ്പോള്‍ കമല്‍ ആരാധകര്‍ ആഘോഷിക്കുന്നത്.
തമിഴില്‍ 'എംജിആര്‍ പാത്തിരുക്ക്,ശിവാജി പാത്തിരുക്ക്,രജനി പാത്തിരുക്ക്,കമല്‍ പാത്തിരിക്ക്' എന്നാണ് ഈ ഡയലോഗ് തുടങ്ങുന്നത്. ഇത് മൊഴിമാറ്റം ചെയ്ത് തെലുങ്കിലും ഹിന്ദിയിലും എത്തിയപ്പോള്‍ അതാത് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങളുടെ പേരുകള്‍ ഡയലോഗിലേക്ക് എത്തി.
തെലുങ്കില്‍ എന്‍ടിആര്‍,എന്‍എന്‍ആര്‍ എന്നിങ്ങനെ വന്നപ്പോള്‍ ഹിന്ദിയില്‍ അത് ദിലീപ് കുമാറും അമിതാഭ് ബച്ചനും രാജ് കപൂറും ആയി. പക്ഷെ അവസാനത്തെ പേര് ഈ രണ്ട് ഭാഷകളിലും മാറാതെ നിന്നു, അത് കമല്‍ ഹാസന്‍ ആയിരുന്നു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും കമല്‍ ഹാസനുണ്ടായിരുന്ന ജനപ്രീതിയുടെ അടയാളമാണ് ഈ ഡയലോഗെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവെക്കുന്നത്. അതേസമയം, കമല്‍ ഹാസന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ക്ക് വേണ്ടി കൂടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചിത്രത്തിന്റെ ടീസറും റിലീസ് ഡേറ്റും അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പ്രഖ്യാപിക്കും.
Content Highlights : Social Media celebrates Kamal Haasan reference in Anniyan movie's dubbed versions