'ബാഹുബലി' എന്ന പാൻ ഇന്ത്യൻ സിനിമ നിർമിക്കാനുള്ള തന്റെ പ്രചോദനം നടൻ സൂര്യ ആണെന്ന് സംവിധായകൻ എസ്എസ് രാജമൗലി. തെലുങ്ക് സിനിമയെ ആന്ധ്രയുടെയും തെലങ്കാനയുടെയും പുറത്തേക്ക് കൊണ്ട് പോകാൻ തനിക്ക് ധൈര്യം തന്നത് സൂര്യയാണ്. 'ഗജിനി'യുടെ സമയത്ത് സൂര്യ ആ സിനിമയെ പ്രൊമോട്ട് ചെയ്ത വിധം തന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. അത് ഒരു കേസ് സ്റ്റഡി പോലെ താൻ നിർമാതാക്കളോടും നായകന്മാരോടും പറയുമായിരുന്നെന്നും രാജമൗലി പറഞ്ഞു.
'സൂര്യ എങ്ങനെയാണോ ഇവിടെ വന്ന് ഗജിനി പ്രൊമോഷൻ ചെയ്തത് അതുപോലെ നമ്മളും മറ്റു സ്ഥലങ്ങളിൽ പോയി സിനിമയെ പ്രൊമോഷൻ ചെയ്യണമെന്ന് ഞാൻ പറയുമായിരുന്നു. ബാഹുബലി എന്ന പാൻ ഇന്ത്യൻ സിനിമ നിർമിക്കാനുള്ള എൻ്റെ പ്രചോദനം സൂര്യയാണ്. അദ്ദേഹവുമായി വർക്ക് ചെയ്യാനുള്ള അവസരത്തെ മിസ് ആക്കിയത് ഞാൻ ആണ്. ഒരു സംവിധായകന് പിന്നാലെ പോകാതെ ഒരു നല്ല കഥക്ക് പിന്നാലെ പോകാൻ സൂര്യ കാണിച്ച തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു', എസ് എസ് രാജമൗലി പറഞ്ഞു. സൂര്യയുടെ അഭിനയവും ഓൺ സ്ക്രീൻ പ്രെസെൻസും തനിക്ക് വളരെ ഇഷ്ടമാണെന്നും 'കങ്കുവ'യുടെ തെലുങ്ക് പ്രീ റിലീസ് ഇവന്റിൽ രാജമൗലി കൂട്ടിച്ചേര്‍ത്തു.
സൂര്യയെ നായകനാക്കി സിരുത്തൈ ശിവയൊരുക്കുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് ചിത്രമാണ് 'കങ്കുവ'. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന സിനിമ തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ റിലീസായാണ് എത്തുന്നത്. സിനിമ ആഗോളതലത്തിൽ പതിനായിരത്തിൽ അധികം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് ജി ധനഞ്ജയൻ പറയുന്നത്. തമിഴ്‌നാട്ടിൽ മാത്രം 700 ഓളം സ്‌ക്രീനുകളിൽ ചിത്രമെത്തും. നവംബർ 14-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Suriya inspired me to make a pan indian film like Baahubali says Rajamouli