കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമാമേഖലയില്‍ തുറന്നുകൊടുത്ത റിലീസിങ് സാധ്യതകള്‍ പിന്നീട് നിലച്ചിരുന്നു. ഒടിടി ലക്ഷ്യമാക്കി അണിയറയിലൊരുങ്ങിയ നിരവധി ചിത്രങ്ങളെയാണ് ഇത് ബാധിച്ചത്. മലയാള സിനിമാമേഖലയും ഇതിന്റെ കയ്പ്‌നീര് കുടിച്ചിരുന്നു.
തിയേറ്റര്‍ റിലീസില്‍ വിജയമായ ചിത്രങ്ങള്‍ മാത്രം ഡിജിറ്റല്‍ റിലീസിനെടുക്കാം എന്ന തീരുമാനത്തിലേക്ക് പല പ്രധാന പ്ലാറ്റ്‌ഫോമുകളും എത്തിച്ചേര്‍ന്നതും സിനിമാനിര്‍മാണത്തെ ദോഷകരമായി ബാധിച്ചു. മലയാള സിനിമകള്‍ എടുക്കുന്നത് സബ്‌സ്‌ക്രിപ്ഷനില്‍ പ്രതീക്ഷിച്ച വര്‍ധനവുണ്ടാക്കുന്നില്ല എന്ന നില വന്നതും മോളിവുഡിനോടുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വൈമുഖ്യം വര്‍ധിപ്പിച്ചു.
എന്നാലിപ്പോള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും നിര്‍മാതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഒരു വഴിയാണ് ഒടിടിയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്, പേ പെര്‍ വ്യൂ. പ്രേക്ഷകര്‍ കാണുന്ന സമയമനുസരിച്ച് നിര്‍മാതാവിന് വരുമാനം നല്‍കുന്ന രീതിയാണിത്. ഒടിടി റിലീസിന് പിന്നാലെ ശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രം പേ പെര്‍ വ്യൂ സംവിധാനത്തിലൂടെ രണ്ട് കോടി രൂപയാണ് നേടിയത്.
മിനിറ്റിനനുസരിച്ചാണ് പല പ്ലാറ്റ്‌ഫോമുകളും വരുമാനം കണക്കാക്കി നല്‍കുന്നത്. ഒരു മിനിറ്റ് നിറുത്താതെ കണ്ടാല്‍ നിശ്ചിത തുക ലഭിക്കും. ഇത് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഭരതനാട്യം 10 കോടി മിനിറ്റുകളാണ് ഇതിനോടകം വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ കണ്ടിട്ടുള്ളത്. ഇതില്‍ നിന്നുമാണ് രണ്ട് കോടിയിലധികം തുക ലഭിച്ചിരിക്കുന്നത്.
നേരത്തെ തന്നെ പല പ്ലാറ്റ്‌ഫോമുകളിലും ഈ രീതി ഉണ്ടായിരുന്നെങ്കിലും നിശ്ചിത തുകയ്ക്ക് സിനിമ ഡിജിറ്റല്‍ റിലീസിന് നല്‍കുന്ന രീതിയ്ക്ക് തന്നെയായിരുന്നു നിര്‍മാതാക്കള്‍ പ്രധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ സിനിമകള്‍ എടുക്കുന്നതില്‍ നിന്നും ഒടിടി പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ പേ പെര്‍ വ്യൂവിന്റെ വഴി തെരഞ്ഞെടുക്കാന്‍ നിര്‍മാതാക്കളും നിര്‍ബന്ധിക്കപ്പെട്ടു. എന്നാല്‍, തിയേറ്റര്‍ വിജയം നേടാനാകാത്ത ചിത്രങ്ങള്‍ക്ക് ഈ സംവിധാനം രണ്ടാം ജന്മമാണ് നല്‍കുന്നത്.
ടിക്കറ്റെടുത്ത് പടം കാണുന്നതിനോട് സാമ്യമുള്ള രീതിയായതിനാല്‍ പേ പെര്‍ വ്യൂവിലൂടെ ഒടിടിയിലും കളക്ഷനും ബ്ലോക്ക് ബസ്റ്ററുകളും ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഈ സംവിധാനത്തിലൂടെ ഹിറ്റടിക്കുന്ന ആദ്യ മലയാളച്ചിത്രമായിരിക്കാം ഒരുപക്ഷെ ഭരതനാട്യം. ഓഗസ്റ്റ് 30ന് തിയേറ്റിലെത്തിയ ചിത്രത്തില്‍ സൈജു കുറുപ്പും സായ്കുമാറുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. സൈജു കുറുപ്പ് തന്നെയായിരുന്നു നിര്‍മാണവും. നവാഗതനായ കൃഷ്ണദാസ് മുരളിയായിരുന്നു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
Content Highlights: Bharathanatyam movie collects around 2 crores by pay per view in OTT