മുംബൈയിലും 'ഗോട്ട് സീന്‍' ചോദ്യം;'തുപ്പാക്കി' ട്വീറ്റ് ഓര്‍മിപ്പിച്ച്,മാസ് മറുപടിയുമായി ശിവകാര്‍ത്തികേയന്‍

നിറുത്താതെ കയ്യടിച്ചുകൊണ്ടാണ് ശിവകാര്‍ത്തികേയന്‍റെ വാക്കുകളെ കാണികള്‍ സ്വീകരിച്ചത്

dot image

വിജയ് ചിത്രമായ ദ ഗോട്ടിലെ ക്ലൈമാക്‌സിലെ ഒരു രംഗം സിനിമ റിലീസ് ചെയ്ത നാള്‍ മുതലേ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. വിജയ് കഥാപാത്രം ശിവകാര്‍ത്തികേയന്‍ അവതരിപ്പിച്ച കാമിയോ റോളിന് തോക്ക് കൈമാറുന്ന രംഗമായിരുന്നു ഇത്.

രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തിയ വിജയ് സിനിമയിലെ തന്റെ സ്ഥാനം കൈമാറിയതാണെന്നും ശിവകാര്‍ത്തികേയന്‍ അടുത്ത ദളപതിയാണ് എന്നെല്ലാമായിരുന്നു അന്ന് ചൂടുപിടിച്ച ചര്‍ച്ച. എന്നാല്‍ അടുത്ത ദളപതിയാകാന്‍ ഉദ്ദേശമില്ലെന്ന് ഇതേ കുറിച്ചുള്ള ചോദ്യങ്ങളോട് ശിവകാര്‍ത്തികേയന്‍ പ്രതികരിച്ചിരുന്നു.

പുതിയ ചിത്രമായ അമരന്റെ ഹിന്ദി പതിപ്പിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിലെത്തിയ ശിവ കാര്‍ത്തികേയന് മുന്നില്‍ ഗോട്ട് സീന്‍ വീണ്ടും ചോദ്യമായി എത്തി. ഇതിന് അദ്ദേഹം നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുകയാണ് ഇപ്പോള്‍. വിജയ് നിങ്ങള്‍ക്ക് ബാറ്റണ്‍ കൈമാറും പോലെയായിരുന്നല്ലോ ആ സീനെന്നായിരുന്നു അവതാരകന്റെ ചോദ്യം. വിജയ്‌യുടെ ലെഗസി അദ്ദേഹത്തിന്റെ മാത്രമാണെന്നായിരുന്നു ശിവകാര്‍ത്തികേയന്റെ മറുപടി.

ഗോട്ട് സീനിനെ കുറിച്ചുള്ള ഒരു മീം

'അദ്ദേഹത്തിന്റെ ലെഗസി അത് അദ്ദേഹത്തിന്റേത് മാത്രമാണ്. ആര്‍ക്കും അതില്‍ തൊടാനാകില്ല, അദ്ദേഹത്തില്‍ നിന്നും എടുക്കാനുമാകില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറെ സുന്ദരമായ ഒരു സീന്‍ ആണത്. ഒരു വലിയ താരം അടുത്ത തലമുറയിലെ താരത്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ തയ്യാറായി എന്നതാണ് അതിന്റെ ഭംഗി.

അദ്ദേഹം തന്റെ സ്‌നേഹം എനിക്ക് നല്‍കുന്നതായാണ് ഞാന്‍ ആ സീനിനെ മനസിലാക്കുന്നത്. 30 വര്‍ഷം നീണ്ട കരിയറില്‍ പല പ്രതിസന്ധികളെയും തരണം ചെയ്തും കഠിനമായി പരിശ്രമിച്ചും അദ്ദേഹം നേടിയെടുത്ത ലെഗസിയാണത്. അത് ഞാനിതാ ഇന്ന് മുതല്‍ ഏറ്റെടുത്ത് തുടരുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

പണ്ട് ഞാന്‍ തുപ്പാക്കി സിനിമയുടെ റിലീസ് സമയത്ത് ഒരു ട്വീറ്റ് ഇട്ടിരുന്നു. 'ശരിക്കുള്ള തുപ്പാക്കി(തോക്ക്) കയ്യിലുള്ളവരല്ല, തുപ്പാക്കി ടിക്കറ്റ് കയ്യിലുള്ളവരാണ് ശരിക്കും മാസ്' എന്നായിരുന്നു അത്. അന്ന് ഞാന്‍ അങ്ങനെ ട്വീറ്റ് ചെയ്ത താരത്തിനൊപ്പമാണ് ഇന്ന് ഞാന്‍ സ്‌ക്രീന്‍ പങ്കിടുന്നത്. അത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ബാറ്റണ്‍ കൈമാറുകയാണോ എന്നൊന്നും ഞാന്‍ ആലോചിക്കുന്നേയില്ല.

വിജയ് സാറില്‍ നിന്നും മറ്റെല്ലാ സീനിയേഴസില്‍ നിന്നും നല്ല കാര്യങ്ങള്‍ പഠിച്ച് അവരെ പോലെ മികച്ച സിനിമകള്‍ ചെയ്യണമെന്നും വിജയിക്കണമെന്നുമാണ് ആഗ്രഹം. അല്ലാതെ അവരായി മാറണം എന്ന് എനിക്ക് ആഗ്രഹമില്ല,' ശിവ കാര്‍ത്തികേയന്‍ പറഞ്ഞു. കയ്യടികളോടെയാണ് ശിവ കാര്‍ത്തികേയന്‍റെ മറുപടിയെ കാണികള്‍ സ്വീകരിച്ചത്.

ഒക്ടോബര്‍ 31ന് ദീപാവലി റിലീസായി എത്തിയ അമരന്‍ മികച്ച വിജയം നേടിയിരിക്കുകയാണ്. മേജര്‍ മുകുന്ദ് വരദരാജന്‍ എന്ന പട്ടാളക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുകുന്ദായുള്ള ശിവകാര്‍ത്തികേയന്റെ പ്രകടനം കരിയറിലെ അടുത്ത നാഴികക്കല്ലാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രാജ്കുമാര്‍ പെരിയസാമി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയായി എത്തിയത്.

കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും, ആര്‍.മഹേന്ദ്രനും ചേര്‍ന്നായിരുന്നു നിര്‍മാണം.

Content Highlight: Sivakarthikeyan's response to Thalapathy Vijay and The Goat movie climax scene

dot image
To advertise here,contact us
dot image