ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച നടത്തിക്കൊണ്ട് ഒരിക്കലും സിക്സ് പാക്ക് ഉണ്ടാക്കരുതെന്ന് നടൻ സൂര്യ. ജീവിതത്തിൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സൂര്യ. തന്റെ പുതിയ ചിത്രം കങ്കുവയുടെ പ്രമോഷൻറെ ഭാഗമായി കേരളത്തിൽ നടന്ന പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.
'ജീവിതത്തിൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്നെനിക്ക് തോന്നുന്നില്ല. കഥാപാത്രത്തിനോട് നീതി പുലർത്താൻ വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്തത്. എല്ലാ സിനിമയ്ക്കും വേണ്ടി ഞാൻ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ഈ സിനിമയിൽ അങ്ങനെയൊരു ആവശ്യകത വന്നിരുന്നു. കങ്കുവയിലെ നായകൻ ഒരു യോദ്ധാവാണ്. കഥയിൽ ഒരു കൂട്ടത്തിന്റെ തലവനാണ് കഥാപാത്രം. ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്ത് സിക്സ് പാക്ക് ഉണ്ടാക്കുന്നതിനോട് യോജിപ്പില്ല. ഒരുപാട് പേർ ആരോഗ്യം മറന്ന് സിക്സ് പാക്ക് ബിൽഡ് ചെയ്യുന്ന കാര്യം എനിക്കറിയാം. ക്രാഷ് കോഴ്‌സുകൾ ചെയ്തും മെഡിസിനുകൾ കഴിച്ചും ആളുകൾ സിക്സ് പാക്ക് ബിൽഡ് ചെയ്യാൻ നോക്കാറുണ്ട്.
എന്നാൽ ആ വഴികളിൽ ഒന്നിലേക്കും പോകരുത്. 100 ദിവസം അച്ചടക്കത്തോടെ ഡയറ്റും ട്രെയിനിങ്ങും ചെയ്‌താൽ എല്ലാവർക്കും അത് സാധിക്കും. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുത്. കങ്കുവയുടെ 10 ദിവസത്തെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്തത്. അത് ഒരു വർഷത്തോളം നിലനിർത്താൻ എന്നെ കൊണ്ട് കഴിയില്ല. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്യുന്നത്. ശരീരവും ആരോഗ്യവും മറന്ന് സിക്സ് പാക്ക് ബിൽഡ് ചെയ്യാതിരിക്കൂ', സൂര്യ പറഞ്ഞു.
അതേസമയം നവംബർ 14 നാണ് സൂര്യ നായകനാവുന്ന തങ്കലാൻ തിയേറ്ററുകളിൽ എത്തുക. ശിവ സംവിധാനം ചെയ്ത് സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് സൂര്യ അഭിനയിക്കുന്നത്.
ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
Content Highlights: Don't do anything without losing your health said suriya