'കെജിഎഫ്' എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകർക്കിടയിൽ പ്രശസ്തമായ നിർമാണ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. 'കെജിഎഫ് ചാപ്റ്റർ 2', 'കാന്താര', 'സലാർ' തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ തങ്ങൾ തെലുങ്ക് താരം പ്രഭാസുമൊത്ത് മൂന്ന് ചിത്രങ്ങളുടെ ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്ന് ഹോംബാലെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സിനിമകളിൽ നടന് റെക്കോർഡ് പ്രതിഫലമാണ് നിർമാണ കമ്പനി നൽകുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ഹോംബാലെയുടെ കരാർ പ്രകാരം മൂന്ന് സിനിമകൾക്കുമായി 575 കോടി രൂപയാണ് പ്രഭാസിന് ലഭിക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിൽ ഒരു നടനും പ്രൊഡക്ഷന്‍ കമ്പനിയുമായുള്ള ഏറ്റവും വലിയ കരാറായി ഇത് മാറും. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ 2 ആയിരിക്കും ഈ കരാർ പ്രകാരമുളള ആദ്യചിത്രം. പിന്നാലെ ലോകേഷ് കനകരാജ്, പ്രശാന്ത് വർമ്മ എന്നിവർക്കൊപ്പമായിരിക്കും സിനിമകൾ എന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
പുനീത് രാജ്‌കുമാർ ചിത്രമായ 'നിന്നിൻദാലെ' എന്ന സിനിമയിലൂടെയാണ് ഹോംബാലെ ഫിലിം നിർമാണ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളത്തിൽ ഫഹദ് ഫാസിൽ ചിത്രമായ 'ധൂമം' നിർമിച്ചതും ഇവരായിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ടൈസൺ' എന്ന ചിത്രം നിർമിക്കുന്നതും ഹോംബാലെ ഫിലിംസ് ആണ്.
പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സലാർ'. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ജഗപതി ബാബു, ബോബി സിംഹ, ഈശ്വരി റാവു, ശ്രുതി ഹാസൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Content Highlights: Reports that Prabhas will get an amount of 575 crores for Hombale projects