ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പവർ ഗ്രൂപ്പ് എന്ന പരാമർശത്തെ നിർമാതാക്കളുടെ സംഘടനയിലെ തലപ്പുള്ളവർ ഭയന്നിരുന്നെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. റിപ്പോർട്ടർ ടിവിയിലെ ലൈവത്തോണിലായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം. 'ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തിറങ്ങിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും നേതാക്കൾക്കിടയിലും ഏറ്റവും വലിയ ചർച്ചയായത് പവർ ഗ്രൂപ്പ് ആയിരുന്നു. ഈ പവർഗ്രൂപ്പിൽ ഞാൻ ഉണ്ടോ, ഞാൻ ഇല്ലേ എന്നതായിരുന്നു അവർക്കിടയിലെ ഏറ്റവും വലിയ ചോദ്യം' സാന്ദ്ര തോമസിന്റെ പ്രതികരണം ഇങ്ങനെ.
പവർ ഗ്രൂപ്പ് എന്ന വാക്കിനെ അവർ എല്ലാവരും ഭയപ്പെടുന്നുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും അവരെല്ലാം ആ പവർ ഗ്രൂപ്പിൽ ഉണ്ട് എന്നതാണ് അവരെയെല്ലാം ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണമെന്നും സാന്ദ്ര തോമസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഒരു കമ്മിറ്റിയിൽ അസോസിയേഷൻ പ്രസിഡന്റ് ജി സുരേഷ് കുമാർ എന്തിനാണ് അങ്ങനെ ഒരു പവർ ഗ്രൂപ്പിനെ ഭയപ്പെടുന്നതെന്നും ഇവിടെ അങ്ങനെ ഒരു പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞെന്നും സാന്ദ്ര വെളിപ്പെടുത്തി. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോൾ അത് ആർക്കാണ് അറിയാൻ പാടില്ലാത്തത്, ഇവിടെ മോഹൻലാലും മമ്മൂട്ടിയുമാണ് പവർ ഗ്രൂപ്പ് എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
അവിടെ ഇരുന്ന എല്ലാവർക്കും വ്യക്തമാണ്, ലാലേട്ടനും മമ്മൂക്കയുമല്ല പവർ ഗ്രൂപ്പ് എന്നും അവരുടെ മേൽ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നിൽക്കുന്ന ചിലരാണ് പവർഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നും സാന്ദ്ര തോമസ് ആരോപിച്ചു.
ആരോപണങ്ങൾ ഉയർന്നപ്പോൾ താരസംഘടനയായ AMMA ഭാരവാഹികൾ സ്ഥാനമൊഴിയുകയാണ് ചെയ്തത്. നടൻ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ AMMA നടപടി ഉണ്ടായെന്നും എന്നാൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ അദ്ദേഹം തുടരുകയാണെന്നും സാന്ദ്ര പറഞ്ഞു. സമാനമായ ആരോപണം നേരിട്ട ആൽവിൻ ആന്റണി, വൈശാഖ് രാജൻ പോലെയുള്ളവർ ഇപ്പോഴും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമാണെന്നും സാന്ദ്ര റിപ്പോർട്ടർ ചാനലിലെ ലൈവത്തോൺ പരിപാടിയിൽ ചൂണ്ടിക്കാണിച്ചു.
ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെയും സാന്ദ്ര തോമസ് ആരോപണം ഉന്നയിച്ചിരുന്നു. ഫെഫ്ക്ക പോലുള്ള ഒരു സംഘടനയുടെ തലപ്പത്ത് വർഷങ്ങളായി ബി ഉണ്ണികൃഷ്ണൻ ഇരിക്കുന്നത് എങ്ങനെയാണെന്നും തുടർച്ചയായി പടങ്ങൾ പരാജയമായിട്ടും സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ ലഭിക്കുന്നത് എങ്ങനെയാണെന്നും സാന്ദ്ര തോമസ് ചോദിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി സാന്ദ്ര രംഗത്ത് എത്തിയത്. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നുമാണ് നടപടിക്ക് പിന്നാലെ സാന്ദ്ര തോമസ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തന്റെ പരാതിക്ക് കാരണം ലൈംഗികച്ചുവയോടെ സംസാരിച്ചതാണെന്നും സാന്ദ്ര ആരോപിച്ചു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭാരവാഹികൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു സാന്ദ്രയുടെ പരാതി.
Content Highlights: Sandra Thomas Reveal Suresh Kumar Said who don't know that Mohanlal and Mammootty are the power group