സിനിമയിലെ അഭിനേതാക്കള്‍ക്കോ അതിന് മുകളിലോ പിന്നണി ഗായകര്‍ക്ക് ആരാധകവൃന്ദമുള്ള നാടാണ് നമ്മുടേത്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഗാനങ്ങള്‍ ഉപയോഗിക്കുന്ന രീതി അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്. സിനിമാ പിന്നണിഗാന മേഖലയെ മാത്രം ആശ്രയിച്ച് നിന്നിരുന്ന കാലത്തില്‍ നിന്ന് മാറി ഇന്ന് സ്വതന്ത്ര സംഗീത മേഖലയ്ക്കും വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
ഇവയെല്ലാം ചേര്‍ന്ന് ഗായകരുടെ പ്രതിഫലത്തിലും വലിയ മാറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍
ഉണ്ടാക്കിയിട്ടുള്ളത്.
ഇന്ന് സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിഫലം ലക്ഷങ്ങളാണ്. ഒരു ഗാനത്തിന് മാത്രം ലക്ഷങ്ങള്‍ ശമ്പളമായി ഈടാക്കുന്ന ഗായകരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍, പ്രതിഫലത്തിന്റെ കാര്യമെടുക്കുമ്പോള്‍, മുഴുവന്‍ സമയ ഗായകരേക്കാള്‍ മുന്നില്‍ ഒരു സംഗീതസംവിധായകനാണെന്നാണ് ബോളിവുഡിലെ കണക്കുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഈടാക്കുന്ന ആ സംഗീതസംവിധായകന്‍ മറ്റാരുമല്ല, എ ആർ റഹ്‌മാനാണ്. മറ്റ് ഗായകരേക്കാള്‍ 12 മുതല്‍ 15 വരെ മടങ്ങ് കൂടുതലാണ് റഹ്‌മാന്റെ പാട്ടിനുള്ള പ്രതിഫലം. മറ്റൊരു സംവിധായകന്റെ ഗാനം ആലപിക്കാന്‍ മൂന്നു കോടി രൂപ വരെയാണ് റഹ്‌മാൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വന്തം പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്രയും ഉയര്‍ന്ന തുക റഹ്മാന്‍ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. റഹ്‌മാൻ കൂടുതലും സ്വന്തം ഗാനങ്ങളാണ് പാടാറുള്ളത്.
റഹ്‌മാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷലാണ്. 25 ലക്ഷം രൂപവരെയാണ് ഒരു പാട്ടിന് ശ്രേയയുടെ പ്രതിഫലം. 18 മുതല്‍ 20 ലക്ഷം വരെ വാങ്ങുന്ന സുനീതി ചൗഹാനാണ് മൂന്നാമത്. അരിജീത് സിങ്ങും ഏതാണ്ട് ഇതേ തുകയാണ് പ്രതിഫലമായി വാങ്ങുന്നത്. 15 മുതല്‍ 18 ലക്ഷം വരെയാണ് സോനു നിഗത്തിന്റെ പ്രതിഫലം.
Content Highlights: India's highest-paid singer earns ₹3 crore per song