വലിയ ചിത്രങ്ങളോടാണ് മത്സരം, കങ്കുവ കൂടെ വന്നാൽ 'മുറ'യെ ആരും അറിയാതെ പോകും; മാലാ പാർവതി

'മുസ്തഫയുടെ കപ്പേളയ്ക്കുണ്ടായ നിർഭാ​ഗ്യം മുറയ്ക്ക് ഉണ്ടാകരുത്'

dot image

കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നിരുന്നാലും കപ്പേളയ്ക്കുണ്ടായ നിർഭാ​ഗ്യം മുറയ്ക്ക് ഉണ്ടാകരുതെന്നും വലിയ പടങ്ങളോടാണ് ഈ ചിത്രം മത്സരിക്കുന്നതെന്നും പറയുകയാണ് മാലാ പാർവതി. സൂര്യ നായകനാകുന്ന കങ്കുവ കൂടെ തിയേറ്ററുകളിൽ എത്തി കഴിഞ്ഞാൽ മുറ ആരും അറിയാതെ പോകുമെന്ന ആശങ്കയും പങ്കുവെച്ചിരിക്കുകയാണ് നടി. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ പ്രതികരണം.

'ഹൃദയം നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ് ഞാൻ. രമാ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് കൊണ്ട് മാത്രമല്ല. ഒരു ബ്രില്ലിയൻറ് ടീമിനൊപ്പമാണ് എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്. മുസ്തഫയുടെ ആദ്യ സിനിമയായ കപ്പേള രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ നിറഞ്ഞു നിന്ന് ഹിറ്റടിക്കാൻ എത്തുമ്പോഴാണ് കോവിഡ് വന്ന് തിയേറ്ററുകൾ അടക്കുന്നത്. അത് കഴിഞ്ഞ് ഇത്രയും വർഷമെടുത്താണ് മുറ തിയേറ്ററിൽ എത്തുന്നത്. കപ്പേളയുടെ നിര്‍ഭാഗ്യം മുറയ്ക്ക് ഉണ്ടാകരുത് എന്നുണ്ട്.

ഓഡിഷനിൽ വന്ന കുട്ടികളല്ല ഇവർ ഇറങ്ങി തപ്പിയെടുത്ത നാല് മുത്തുകളാണ് ആ സിനിമയിൽ ഉള്ളത്. എല്ലാം പുതിയ പിള്ളേർ ആണ്. ആളുകൾക്ക് അവരുടെ പേരുകൾ അറിയില്ല എന്നാലും നെഞ്ചോട് ചേർക്കുകയാണ് അവരെ. എന്റെ ഒരു ആശങ്ക എന്തെന്ന് വെച്ചാൽ വലിയ സിനിമകൾക്കിടയിൽ മത്സരിക്കുകയാണ് ഈ കുഞ്ഞു ചിത്രം. ഇനി സൂര്യയുടെ കങ്കുവ കൂടി വന്നാൽ ഈ സിനിമ ആരും അറിയാതെ പോകും. അതിലാണ് എനിക്ക് സങ്കടം,' മാലാ പാർവതി പാർവതി പറഞ്ഞു.

അതേസമയം, ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 'All We Imagine as Light'ലൂടെ ശ്രദ്ധേയനായ ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാല പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മുറ തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

Content Highlights: Maala Paravathi about her new movie mura

dot image
To advertise here,contact us
dot image